അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്നും ഒഴിപ്പിക്കും എന്ന പ്രഖ്യാപനം നടത്തിയാണ് ഡൊണാൾഡ് ട്രംപ് അമേരിക്കാൻ പ്രസിഡന്റായിട്ടുള്ള തന്റെ രണ്ടാമത്തെ ഊഴം ആരംഭിച്ചത്. ചരിത്ര ദൗത്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തീരുമാനം അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടെത്തുകയും അവരുടെ മാതൃരാജ്യത്തേക്കു തിരികെ അയക്കുകയും ചെയ്യുന്ന പ്രക്രിയ അമേരിക്കയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോൾ 205 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ തിരികെ അയക്കുകയാണ് അമേരിക്ക. സി 17 എന്ന അമേരിക്കൻ സൈനിക വിമാനത്തിലാണ് അവരെ തിരികെ അയക്കുന്നത്.
ഇന്ത്യൻ സമയം പുലർച്ചെ 3 മണിക്ക് ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയർന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ആദ്യ ഘട്ടത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിട്ടുള്ള അയ്യായിരത്തോളം വരുന്ന ആൾക്കാരെ തിരികെ അയച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലാണിത്. അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയതിൽ 18,000 ഇന്ത്യക്കാരുണ്ട്. എന്നാൽ ഇതിലും വളരെ കൂടുതലാണ് ആകെയുള്ള കണക്ക്. അമേരിക്കയിൽ അനധികൃതമായി കുടിയേറി പാർത്തവരുടെ പട്ടികയിൽ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉചിതമായത് ചെയ്യുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് എടുത്തിട്ടുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്.