കോഴിക്കോട്: കേരളത്തിലെ സുന്നിപ്രസ്ഥാനത്തിന്റെ ആധികാരിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കെതിരായ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇന്ന് കോഴിക്കോട് രൂപം കൊള്ളുന്ന പാണക്കാട് ഖാദി ഫൗണ്ടേഷനെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ.
മഹല്ലുകളുടെമേൽ ആധിപത്യം സ്ഥാപിച്ച് വോട്ട്ബാങ്ക് സംരക്ഷിക്കാനാണ് പാണക്കാട്ടെ തങ്ങൾമാരെ മുന്നിൽനിറുത്തിയാണ് മുസ്ലിം ലീഗ് ഖാദി ഫൗണ്ടേഷൻ രൂപീകരിക്കുന്നതെന്ന് സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്.
സമസ്തയുടെ പണ്ഡിതന്മാർക്ക് വിശ്വാസിസമൂഹത്തിലുള്ള ആദരവും സ്വാധീനവും ലീഗിന്റെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് എതിരാകുമോ എന്ന ഭീതിയാണ് പ്രത്യേക യൂണിയൻ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നത്.
മഹല്ലുകളുടെ കടിഞ്ഞാൺ ലീഗിന്റെ കൈയിൽ തന്നെ വേണമെന്ന ദുശ്ശാഠ്യമാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്തയെ തള്ളിപ്പറയാനും അകറ്റിനിർത്താനുമുള്ള ആസൂത്രിത നീക്കത്തിനു പിന്നിലെന്നും കാസിം ഇരിക്കുർ പ്രസ്താവനയിൽ പറഞ്ഞു.