വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ ഉയരുന്നതായി റിപ്പോർട്ട്. സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയുന്നതിന് മുൻപുതന്നെ കോളേജിൽ ആംബുലൻസ് എത്തിയതിലാണ് ദുരൂഹത ഉയരുന്നത്.മൃതദേഹം കൊണ്ടുപോകാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി കിട്ടിയെന്നാണ് ഉച്ചയ്ക്ക് ഒന്നരയോടെ ആംബുലൻസുകാർ അധികൃതരോട് പറഞ്ഞത്. എന്നാൽ എഫ് ഐ ആറിൽ പറയുന്നത് വൈകിട്ട് നാലരയോടെയാണ് സിദ്ധാർത്ഥിന്റെ മരണവിവരം സ്റ്റേഷനിൽ എത്തുന്നതെന്നാണ്. ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 12.30നും 1.45നും ഇടയിൽ സിദ്ധാർത്ഥ് മരിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പൊലീസ് എഫ് ഐ ആർ അനുസരിച്ച് അന്നുവൈകിട്ട് 4.29നാണ് മരണവിവരം വൈത്തിരി പൊലീസ് സ്റ്റേഷനിൽ അറിയുന്നത്. എന്നാൽ മൃതദേഹം എടുക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി ലഭിച്ചുവെന്നറിയിച്ച് ആംബുലൻസുകാർ അന്നുച്ചയ്ക്ക് ഒന്നരയോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഇതാണ് സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണോയെന്ന സംശയം പൊലീസ് ഉയർത്തുന്നത്.ഇതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയാണ്. പുതിയ വിസി ചുമതലയേറ്റതിന് പിന്നാലെയാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഹോസ്റ്റലിന് ഇനിമുതൽ നാല് ചുമതലക്കാർ ഉണ്ടാവും. മൂന്ന് നിലയുള്ള ഹോസ്റ്റലിൽ ഓരോ നിലയിലും പ്രത്യേകം ചുമതലക്കാർ ഉണ്ടാവും. അസിസ്റ്റന്റ് വാർഡനായിരിക്കും ഹോസ്റ്റലിന്റെ മൊത്തം ചുമതല. ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കുമെന്നും വിവരമുണ്ട്.#sidharth-death-case