തിരുവനന്തപുരം: മുതലപ്പൊഴിയിലെയും ശംഖുംമുഖത്തെയും മുട്ടത്തറയിലെയും കടലാക്രമണങ്ങൾക്കും തിട്ടകളിൽ തട്ടി മത്സ്യയാനങ്ങൾ മറിയുന്നതിനും കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളല്ലെന്ന് വിദഗ്‌ദ്ധപഠന സമിതി റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് മന്ത്രി വി.എൻ. വാസവന് സമർപ്പിച്ചേക്കും.വിഴിഞ്ഞം സമരം ഒതുതീർത്തതിന്റെ ഭാഗമായാണ് തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.
സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ എം.ഡി കുഡാലെ ചെയർമാനായ നാലംഗസമിതിയാണ് പഠനം നടത്തിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ രൂപീകരിച്ച സമിതിക്ക് വിഷയം തയ്യാറാക്കി നൽകിയത് മാർച്ചിലാണ്. മേയിൽ ഇടക്കാല റിപ്പോർട്ടും ജൂലായിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടർന്ന് ജൂലായിൽ സമിതിയുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി. ജനുവരിയിൽ അതും അവസാനിച്ചു. പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നത്.
തിരുവനന്തപുരത്തുണ്ടാകുന്ന രൂക്ഷമായ കടലാക്രമണങ്ങൾക്ക് കാരണം തുറമുഖ നിർമ്മാണമാണ് എന്നായിരുന്നു ലത്തീൻ അതിരൂപതയുടെ വാദം.
തിരുവനന്തപുരത്തേത് സ്വാഭാവിക തീരശോഷണം
തിരുവനന്തപുരത്തേത് സ്വാഭാവിക തീരശോഷണമാണെന്നും റിപ്പോർട്ടിലെന്നാണ് അറിയുന്നത്. തുറമുഖ നിർമ്മാണം തീരശോഷണത്തെ ബാധിക്കുന്നില്ല. തുറമുഖ നിർമ്മാണത്തിന് മുമ്പും കടലാക്രമണമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിദഗ്‌ദ്ധ സമിതിയിൽ ലത്തീൻ അതിരൂപത പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലത്തീൻസഭ റിപ്പോർട്ട് അംഗീകരിക്കാനിടയില്ല. സംസ്ഥാന ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസലർ റിജി ജോൺ, ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അസോസിയേറ്റ് പ്രൊഫസർ തേജൽ കനിത്ക്കർ, ഗുജറാത്തിലെ കണ്ട്ല തുറമുഖത്തിലെ മുൻ ചീഫ് എൻജിനിയർ പി.കെ. ചന്ദ്രശേഖർ തുടങ്ങിയവരാണ് പഠനസമിതിയിലെ മറ്റംഗങ്ങൾ.#vizhinjam port