തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയ എഐ ലാബുകൾ വരുന്നു. നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളിൽ എഐ ലാബുകൾ സ്ഥാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. നിര്‍മിത ബുദ്ധി നൂതനാശയ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ എഐ ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ എഐ ലാബുകൾ വരുന്നത്. ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ 17 കോളേജുകളിൽ നിന്നാണ് എ ഐ ലാബുകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളുടെ പട്ടിക അടുത്ത ഘട്ടത്തിൽ അറിയിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
സാങ്കേതിക മേഖലയിലെ ആഗോള കമ്പനിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. എഐ പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യം കേന്ദ്ര ഗവണ്മെന്റ് ലഭ്യമാക്കും. കോളേജുകൾ തയാറാകുന്നതിനനുസരിച്ച് പരിശീലനം ആരംഭിക്കും. ഒരുകാലത്ത് തിരുവനന്തപുരം സാങ്കേതിക വിദ്യയുടെ കേന്ദ്രമായിയാണ് അറിയപ്പെട്ടിരുന്നത്. ആ പ്രൗഢി തിരികെ കൊണ്ടുവരുന്നതിന് പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.