തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍. മഹിളാ കോണ്‍ഗ്രസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ഷമയുടെ അഭിപ്രായ പ്രകടനം വികാര പ്രകടനമാകാമെന്നും ജെബി മേത്തര്‍ പറഞ്ഞു.
കോണ്‍ഗ്രസ് വനിതകളെ അവഗണിച്ചു എന്ന് പറയുന്നവരുടെ ലക്ഷ്യം പാര്‍ട്ടിയെ ഇകഴ്ത്തലാണെന്നും ജെബി മേത്തര്‍ വ്യക്തമാക്കി. അവകാശവാദങ്ങള്‍ ഉന്നയിക്കാനുള്ള സമയമല്ലിത്. ഒറ്റക്കെട്ടായി നിന്ന് എല്ലാ സീറ്റും നേടുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ പങ്കു ചേരുക എന്നതാണ് മഹിളാ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് എഐസിസി വക്താവായ ഷമ മുഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതിന് പിന്നാലെ ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും അവരുടെ വിമര്‍ശനത്തെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും കെ. സുധാകരന്‍ പരാമര്‍ശിക്കുകയുണ്ടായി. ഇതിനു പിന്നാലെ പാര്‍ട്ടി വക്താവ് എന്ന തന്റെ പദവി വ്യക്തമാക്കുന്ന എഐസിസി വെബ്‌സൈറ്റിലെ ചിത്രം ഷമ മറുപടിയായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.