ഗസ്സ: ഗസ്സയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അനാരോഗ്യവും അസുഖങ്ങളും തൂക്കകുറവും. പട്ടിണിയും അടിസ്ഥാന സൗകര്യ പരിമിതിയും നേരിടുന്ന ഗസ്സയില്‍ ഗര്‍ഭമെന്നാല്‍ ഉമ്മമാര്‍ക്ക് പേടിസ്വപ്‌നമാവുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പോഷകാഹാര ദൗര്‍ലഭ്യവും കുടിവെള്ള പ്രശ്‌നവും ഗസ്സയെ വലച്ചിരിക്കയാണ്. ഗസ്സയില്‍ ഓരോ ദിവസവും 180നടുത്ത് പ്രസവങ്ങള്‍ നടക്കുന്നതായും എന്നാല്‍ ഇവര്‍ക്ക് അനസ്‌തേഷ്യ പോലും നല്‍കാനില്ലെന്നും യുഎന്‍ പോപുലേഷന്‍ ഫണ്ട് പ്രതിനിധി ഡൊമിനിക് അലന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഒരു നവജാത ശിശുവിന് വേണ്ടുന്ന തൂക്കമോ വലിപ്പമോ ഗസ്സയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അലന്‍ വ്യക്തമാക്കി. പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് വലിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നും പോഷകാഹാരക്കുറവ്, നിര്‍ജ്ജലീകരണം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നും അലന്‍ പറഞ്ഞു.
പട്ടിണിയും അടിസ്ഥാന സൗകര്യ പരിമിതിയും ഗര്‍ഭിണികളായ സ്ത്രീകളെ മാനസികമായും ശാരീരികമായും ബാധിക്കുന്നുണ്ട്. വേണ്ട പരിചരണമോ ഭക്ഷണമോ നിലവില്‍ ഗസ്സയില്‍ ലഭ്യമല്ല. ആശുപത്രി സൗകര്യങ്ങള്‍ പരിമിതമായ ഗസ്സയില്‍ ഏതു നിമിഷവും ഇസ്രായേലിന്റെ ആക്രമണത്തെയും വെടിയൊച്ചകളും ഭയന്നാണ് ഇവര്‍ കഴിയുന്നത്. പ്രസവത്തിനായി അനസ്‌തേഷ്യ നല്‍കാനില്ലാത്തതിനാല്‍ വേദന സഹിച്ചാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.