തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സി മുബാറക് പാഷയുടെ രാജി ഗവർണർ അംഗീകരിച്ചു. വി.പി ജഗതിരാജിനെ പുതിയ വൈസ് ചാൻസലറായി നിയമിച്ചേക്കും. നേരത്തെ, ഗവർണർ വിളിച്ച വി.സിമാരുടെ യോഗത്തിൽ പാഷ പങ്കെടുത്തിരുന്നില്ല. ഇതിനുമുൻപ് തന്നെ രാജി സമർപ്പിക്കുകയായിരുന്നു.
ചട്ടവിരുദ്ധമായി നിയമനം നേടിയെന്നു കാണിച്ചായിരുന്നു ഗവർണർ സംസ്ഥാനത്തെ വിവിധ സർവകലാശാലാ വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ സർവകലാശാല വി.സിമാർക്കായിരുന്നു നോട്ടിസ് ലഭിച്ചത്. രാജ്ഭവനിൽ ഹിയറിങ്ങിന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.
ഡിജിറ്റൽ യൂനിവേഴ്‌സിറ്റി വി.സി സജി ഗോപിനാഥും കാലിക്കറ്റ്-സംസ്‌കൃത വി.സിമാർക്ക് വേണ്ടി അഭിഭാഷകരും നേരിട്ട് ഹിയറിങ്ങിനു ഹാജരായിരുന്നു. എന്നാൽ, മുബാറക് പാഷ ഹിയറിങ്ങിൽനിന്നു വിട്ടുനിന്നു. ചാൻസലർ കൂടിയായ ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, രാജി ഗവർണർ അംഗീകരിച്ചിരുന്നില്ല.