വണ്ടൂർ: ടൗണിൽ റോഡരികിൽ വെച്ചുപിടിപ്പിച്ച പൂച്ചെടികൾ മോഷ്ടിക്കുന്ന വിരുതൻ സി.സി.ടി.വിയിൽ കുടുങ്ങി. മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വണ്ടൂർ കാളികാവ് റോഡിലെ കച്ചവടക്കാരനായ റഹീസും ഓട്ടോ ഡ്രൈവറായ സഹീറും ചേർന്നാണ് കാളികാവ് റോഡിലെ നാൽപതോളം ചെടികൾക്ക് ദിവസവും നനക്കുന്നത്.
ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ദിവസവും ചെടിച്ചട്ടികൾ അപ്രത്യക്ഷമാകുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കടയിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പുലർച്ചെയെത്തി ചെടിച്ചട്ടികൾ വിദഗ്ധമായി മോഷ്ടിക്കുന്നയാളെ കണ്ടത്. ടെൻഡർ അടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ മുൻ ബ്ലോക്ക് പ്രസിഡൻറിന്റെ നിർദേശപ്രകാരം സ്വകാര്യ വ്യക്തി റോഡരികിൽ പൂച്ചെടികൾ വെച്ചുപിടിപ്പിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പ്രവൃത്തി പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ നാട്ടുകാരുടെയും കച്ചവടക്കാരുടെയും നേതൃത്വത്തിലാണ് ചെടികൾ സംരക്ഷിച്ചുപോരുന്നത്. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും റോഡരികിൽ സ്ഥാപിച്ച ചെടിച്ചട്ടികൾ മോഷണം പോകുന്നതും ചെടികൾ നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.