കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംലംഘനം നടത്തിയെന്ന പരാതിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ജില്ലാ കളക്ടറുടെ നോട്ടീസ്. മന്ത്രിയുടെ കോഴിക്കോട്ടെ പ്രസംഗത്തിൽ കോൺഗ്രസ് പരാതി നൽകിയതിന് പിന്നാലെയാണ് കളക്ടറുടെ ഇടപെടൽ. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.
പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്. കോഴിക്കോട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പങ്കെടുത്ത പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്. മന്ത്രിയുടെ പ്രസംഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ എളമരം കരീം തടഞ്ഞതും വിവാദമായിരുന്നു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സ്പോർട്സ് ഫ്രെറ്റേണിറ്റി കൂട്ടായ്മ സംഘടിപ്പിച്ച കായികസംവാദം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു റിയാസ്. പ്രസംഗത്തിനിടെ, അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്റ്റേഡിയം കോഴിക്കോട്ട് ഉണ്ടാകുമെന്ന് പറഞ്ഞെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയെന്നുെം കോൺഗ്രസും ആരോപിച്ചിരുന്നു.