തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനൽ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. വെനീസ് ടി വി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തിയത് സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ്. ചാനലിൽ അത്തരം വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാമെന്നും പോലീസ് അറിയിച്ചു.