ചേലേമ്പ്ര: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല പരിശോധന ശക്തമാക്കി. രാത്രികളിൽ തുറന്നു പ്രവർത്തിക്കുന്ന തട്ടുകടകൾ, ഭക്ഷണ വിൽപനശാലകൾ, കൂൾബാറുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. ഇടിമൂഴിക്കൽ മുതൽ ചെട്ടിയാർമാട് വരെയുള്ള 13 കടകൾ പരിശോധിച്ചതിൽ അഞ്ച് കടകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ പഴകിയ മാംസം, ശീതള പാനീയങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
രണ്ട് ഹോട്ടലുകളിൽനിന്നും ഒരു കൂൾബാറിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങളും ഐസ്ക്രീമുകളും പിടിച്ചെടുത്തു നശിപ്പിച്ചു. പിഴ ചുമത്തുകയും അനധികൃതമായി പ്രവർത്തിക്കുന്ന കടകൾ അടച്ചുപൂട്ടാനും നിർദേശം നൽകി. പാചകത്തൊഴിലാളികളുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട്, ഓരോ സ്ഥാപനങ്ങളിലെയും മാലിന്യനിർമാർജന സംവിധാനം, പരിസര ശുചിത്വം, ജലസ്രോതസ്സുകളുടെ പരിശോധന റിപ്പോർട്ട് എന്നിവ പരിശോധിച്ച് നിർദേശങ്ങൾ നൽകി.
പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനക്ക് ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി. സുധീഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വസന്ത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ്, ജിനീഷ് ബോബി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ദീപ എന്നിവർ നേതൃത്വം നൽകി.