തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ ഹോട്ടൽമുറിയിൽ ദമ്പതികളും സുഹൃത്തും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക്ക് മാജിക് പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേക തരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ആര്യയുടെ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.
ആര്യക്ക് വന്ന മെയിലിൽ ഈ കല്ലുകളെ കുറിച്ച് പറയുന്നുണ്ട്. കൂടാതെ, തിരുവനന്തപുരത്തെ ആഭ്യന്തര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനത്തിൽ നിന്ന് അരുണാചൽ പ്രദേശിലെ പ്രദേശവാസികൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളും പൊലീസിന് ലഭിച്ചു. മരണത്തിന്റെ സൂത്രധാരൻ നവീനാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ആത്മഹത്യക്കുപിന്നിൽ നാലാമതൊരാൾ ഉള്ളതിന് തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
ഇക്കാര്യം ഉറപ്പാക്കുന്നതിനായി ഇട്ടനഗർ പൊലീസിന്റെ പക്കലുള്ള ആര്യയുടെ ലാപ്ടോപ്പും മൂവരുടെയും മൊബൈൽഫോണുകളും കേരള പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ആര്യയുടെ ഇ-മെയിലിലേക്ക് വന്ന അജ്ഞാത ഇ-മെയിൽ സന്ദേശങ്ങളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവയുടെ വിവരങ്ങൾ ഇന്ന് കേരള പൊലീസിന് ലഭിച്ചേക്കും.
മൂവരുടെയും പക്കലുണ്ടായിരുന്ന സ്വർണം വിറ്റശേഷമാണ് കഴിഞ്ഞമാസം 26ന് അരുണാചൽ പ്രദേശിലേക്കുള്ള വിമാന ടിക്കറ്റിനുള്ള പണം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മൂവരുടെയും മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. ഓൺലൈൻ ഇടപാടുകൾ പരമാവധി ഒഴിവാക്കുന്നതിനാണ് സ്വർണം വിറ്റതെന്ന് പൊലീസ് പറയുന്നു.
ഏപ്രില്‍ രണ്ടിനാണ് വട്ടിയൂർക്കാവ് മേലത്തുമേലെ എം.എം.ആർ.എ 198 ശ്രീരാഗത്തിൽ ആര്യ ബി. നായർ (29), ആയുർവേദ ഡോക്ടർമാരായ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എം.എം.ആർ.എ കാവിൽ ദേവി (39) എന്നിവരെ ഇട്ടനഗറിലെ സിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.