മലപ്പുറം: ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ട് വാടകക്ക് നല്‍കി പണം ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്താന്‍ സഹായിച്ച രണ്ട് പേരെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ്ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷബീറലി (35), മുഹമ്മദ് അനീഷ് (31) എന്നിവരാണ് പിടിയിലായത്.
ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്യുന്നവർക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്ക് അക്കൗണ്ട് കൈമാറി സഹായം നല്‍കുകയായിരുന്നു പ്രതികൾ. സൈബർ ഓപറേഷൻ എസ്.പി ഹരിശങ്കർ, മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ എന്നിവരുടെ നിർദേശത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്.പി ടി. മനോജ്, സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം മഞ്ചേരി സബ് ജയിലില്‍ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ സൈബര്‍ ക്രൈം സ്റ്റേഷന്‍ എസ്.ഐമാരായ നജ്മുദ്ദീന്‍, അബ്ദുല്‍ ലത്തീഫ്, എ.എസ്.ഐ റിയാസ് ബാബു, സി.പി.ഒ മാരായ രഞ്ജിത്ത്, അരുണ്‍, രാഹുല്‍, വിഷ്ണു, രാജരതനം എന്നിവരുമുണ്ടായിരുന്നു.