കോഴിക്കോട്: പാനൂർ സ്ഫോടന കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് യു.ഡി.എഫ്. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. ഡി.ജി.പി, കോഴിക്കോട് – കണ്ണൂർ ജില്ലാ കലക്ടർമാർക്കും പരാതി നൽകിയിട്ടുണ്ട്. വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പരാതിയുമായി രംഗത്തെത്തി.
പാനൂർ സ്ഫോടനത്തിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയാണ് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്. ബോംബ് നിർമിച്ചത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. കേസിലെ 12 പ്രതികളും സി.പി.എം പ്രവർത്തകരാണ്.