വയനാട് : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സിബിഐ സംഘം കോളജ് ഹോസ്റ്റലിലെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. സിബിഐ ഡിഐജി, എസ്പിമാരായ എ കെ ഉപാധ്യായ, സുന്ദര്‍വേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് സംഘത്തിലുള്ളത്.സിദ്ധാര്‍ത്ഥന്‍ മരിച്ച ദിവസം സ്ഥലത്തുണ്ടായിരുന്നവര്‍ എല്ലാം ഇന്ന് ഹാജരാകണമെന്ന് സിബിഐ നിര്‍ദേശം നല്‍കിയിരുന്നു. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റും. സിബിഐ ആവശ്യപ്പെടുന്ന എല്ലാ രേഖഥകളും സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന പരാതി ബന്ധുക്കളടക്കം ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചി മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതിന്റെ വാതില്‍ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ സിദ്ധാര്‍ത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാര്‍ത്ഥികളടക്കം മൊഴി നല്കിയത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്. സിബിഐ എസ്പിമാരായ സുന്ദര്‍വേല്‍, എന്‍കെ ഉപാധ്യായ എന്നിവരുടെ നേതൃത്വത്തില്‍ പത്തംഗ സിബിഐ സംഘമാണ് വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്നത്. ഇതില്‍ രണ്ട് മലയാളി ഉദ്യോഗസ്ഥരുണ്ട്. നേരത്തെ സിദ്ധാര്‍ത്ഥന്റെ ബന്ധുക്കളുടെയും ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റലില്‍ പ്രാഥമിക പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു.