തിരുവനന്തപുരം: അരുണാചലിലെ മൂന്ന് മലയാളികളുടെ ദുരൂഹ മരണത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് പേരും അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായ കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നുവെന്ന് അരുണാചൽ പൊലീസ് പറയുന്നു. ദേവിയുമായുള്ള ബന്ധത്തെ ആര്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ദേവിക്കൊപ്പം താമസിക്കാൻ പോയ ആര്യയെ ബന്ധുക്കൾ അനുനയിപ്പിച്ചാണ് തിരിച്ചെത്തിച്ചത്. 2022 ൽ ആര്യയെ മാനസിക രോഗ വിദഗ്ധനെ കാണിച്ചു. ദേവി സ്കൂളിൽ നിന്നും രാജിവച്ച ശേഷമാണ് ആര്യയെ വീണ്ടും സ്കൂളിലേക്ക് പഠിപ്പിക്കാൻ അയച്ചതെന്നാണ് പൊലീസ് പറയുന്നത്.
2013 ലാണ് ആര്യ ഡോൺ ബോസ്കോ മെയിൽ ഉണ്ടാക്കിയത്. അന്ന് വിശ്വാസങ്ങളെ പിന്തുടർന്നില്ലെന്നും പിന്നീട് നവീനിൻ്റെ വിശ്വാസങ്ങളിൽ ആകൃഷ്ടയായ ശേഷമാണ് ഈ മെയിൽ വഴി ആശയ വിനിമയം സജീവമായതും പൊലീസ് പറയുന്നു. മൂന്ന് പേർക്കും ഇമെയിൽ പാസ് വേർഡ് അറിയാമായിരുന്നു. ദേവിയുടെ സ്വർണം പണയം വച്ചാണ് ഇവര്‍ അരുണാചല്‍ യാത്രക്ക് പണം കണ്ടെത്തിയത്. സ്വർണം മുത്തൂറ്റിൽ പണയം വച്ച് 95,000 രൂപ വാങ്ങിയെന്നും ദേവിയ്ക്കാണ് പണം നൽകിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ നിന്നും ഇറങ്ങിയ നവീനും ഭാര്യ ദേവിയും കോവളത്താണ് ആദ്യ ദിവസങ്ങളില്‍ താമസിച്ചത്. നവീൻ ഇടക്ക് തമിഴ്നാട്ടിലേക്ക് പോയി. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ ആര്യ സുഹൃത്തുക്കളെ കണ്ടിരുന്നു. അവസാന നാളുകളിലും മൂവരും സന്തോഷവാന്മാരായിരുന്നുവെന്നാണ് അരുണാചൽ പൊലീസ് പറയുന്നത്.
ആര്യ മകളാണെന്ന് വരുത്താൻ മുടി മുറിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. 5 ജി മനുഷ്യനെ നശിപ്പിക്കുമെന്ന നവീൻ്റെ കുറിപ്പ് ഹോട്ടലിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് നവീൻ സാമ്പത്തിക സഹായം നൽകിയെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.