മുസ്ലീം ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങള്‍ ന്യൂനപക്ഷ മേഖലകളിലെ പോളിങിനെ ബാധിച്ചതായി ഇടതുമുന്നണി വിലയിരുത്തല്‍. പരമ്പരാഗതമായി ലീഗിന് വോട്ടു ചെയ്തിരുന്ന സമസ്തയിലെ ഒരു വിഭാഗം ഇക്കുറി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെന്ന വിലയിരുത്തലിലാണ് ഇടതു മുന്നണി. സമസ്തയുടെ പേരില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ സൈബര്‍ പ്രചാരണം ശക്തമായിരുന്ന പൊന്നാനിയിലും മലപ്പുറത്തും പോളിങ് കുറഞ്ഞത് ഭൂരിപക്ഷം കുറക്കുമോയെന്ന ആശങ്ക മുസ്ലീം ലീഗിനുമുണ്ടെന്നാണ് സൂചന.
യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിയെ തോല്‍പ്പിക്കണമെന്ന ആഹ്വാനവുമായി സൈബര്‍ ഇടങ്ങളില്‍ സമസ്തയുടെ പേരില്‍ പ്രചരിപ്പ പോസ്റ്ററുകള്‍ക്ക് കണക്കില്ല. വാശിയേറിയ പോളിങ് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് ശതമാനത്തിലേറെ കുറവ് പോളിങാണ് പൊന്നാനിയില്‍ രേഖപ്പെടുത്തിയത്.
മലപ്പുറത്ത് മൂന്ന് ശതമാനത്തോളവും കുറവ് വന്നു. സമസ്തയിലെ ലീഗ് വിരുദ്ധരുടെ വോട്ടുകളില്‍ ചെറിയ ശതമാനം ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയതായും വിലയിരുത്തപ്പെടുന്നുണ്ട്. ലീഗിന് കിട്ടേണ്ട വലിയ പങ്ക് വോട്ട്, സമസ്തയുമായുള്ള പോരിന്‍റെ പേരില്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഇടതു മുന്നണി പറയുന്നത്. മലപ്പുറത്തും സമാനസ്ഥിതിയുണ്ടായതാണ് പോളിങില്‍ കുറവ് വരാന്‍ കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സമസ്തയുമായുണ്ടായ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് മുസ്ലീം ലീഗിന്‍റെ വാദിക്കുന്നു.