പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. കിമ്മിൻറെ ‘പ്ലഷർ സ്ക്വാഡിലേക്കായി’ 25 കന്യകകളായ പെൺകുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു…ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവ അടിസ്ഥാനമാക്കിയാണ് പെൺകുട്ടികളെ തെരഞ്ഞെടുക്കുന്നത്. പ്ലഷർ സ്ക്വാഡിലേക്ക് തന്നെ രണ്ടു തവണ പരിഗണിച്ചുവെന്നും എന്നാൽ തൻറെ കുടുംബ പശ്ചാത്തലം കാരണം ഒഴിവാക്കിയെന്നും പാർക്ക് പറയുന്നു. ”അവർ എല്ലാം ക്ലാസ് മുറികളും സന്ദർശിക്കും. ആരെങ്കിലും കണ്ണിൽ പെടാതെ പോയിട്ടുണ്ടോ എന്നറിയാൻ മുറ്റത്തു പോയി നോക്കും. സുന്ദരികളായ പെൺകുട്ടികൾ കണ്ണിൽ പെട്ടാൽ ആദ്യം അവരുടെ കുടുംബത്തെക്കുറിച്ചും രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിക്കും. ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെട്ട അല്ലെങ്കിൽ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള കുടുംബാംഗങ്ങളുള്ള പെൺകുട്ടികളെ അവർ ഒഴിവാക്കും” യുവതി വിശദമാക്കി.പെൺകുട്ടികളെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, അവർ കന്യകകളാണെന്ന് ഉറപ്പാക്കാൻ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. പരിശോധനക്കിടെ ചെറിയ ഒരു പാട് പോലും വൈകല്യമായി കണക്കാക്കുകയും അയോഗ്യരാക്കുകയും ചെയ്യും. കർശനമായ പരിശോധനക്ക് ശേഷം മാത്രം കുറച്ചു പെൺകുട്ടികളെ പ്യോങ്യാങിലേക്ക് അയക്കുകയുള്ളൂ. തുടർന്ന് ഈ പെൺകുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും. മസാജ്, പാട്ട്-നൃത്തം എന്നിവയിൽ ആദ്യത്തെ രണ്ട് ഗ്രൂപ്പുകൾക്ക് പരിശീലനം നൽകും. മൂന്നാമത്തെ ഗ്രൂപ്പിലുള്ളവർ ഏകാധിപതിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം. പുരുഷൻമാരെ എങ്ങനെ പ്രീതിപ്പെടുത്തണമെന്ന് അവർ പഠിക്കണമെന്നും പാർക്ക് പറയുന്നു.കിമ്മിനെ സന്തോഷിപ്പിക്കാൻ ഏറ്റവും ആകർഷകമായ പെൺകുട്ടികളെ തെരഞ്ഞെടുക്കുമ്പോൾ, താഴ്ന്ന റാങ്കിലുള്ള ജനറൽമാരെയും രാഷ്ട്രീയക്കാരെയും തൃപ്തിപ്പെടുത്താൻ മറ്റുള്ളവരെ നിയോഗിക്കുന്നു.സ്ക്വാഡിലെ അംഗങ്ങൾ ഇരുപതുകളുടെ മധ്യത്തിൽ എത്തിയാൽ അവരുടെ കാലാവധി അവസാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അവരിൽ ചിലർ പലപ്പോഴും നേതാവിൻ്റെ അംഗരക്ഷകരെ വിവാഹം കഴിക്കുന്നു. 1970കളിൽ കിമ്മിൻറെ പിതാവ് കിം ജോങ് രണ്ടാമൻറെ കാലത്താണ് പ്ലഷർ സ്ക്വാഡ് തുടങ്ങിയതെന്നും പാർക്ക് വിശദമാക്കുന്നു. ലൈംഗിക ബന്ധങ്ങൾ തനിക്ക് അമരത്വം നൽകുമെന്ന് കിം വിശ്വസിച്ചിരുന്നു. 2011ൽ 70-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു കിം ജോങ് രണ്ടാമൻറെ അന്ത്യം.