ഡൽഹി :രാജ്യത്ത് 93 സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. അഞ്ച് മണിവരെ ആകെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു. ബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ തൃണമൂൽ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. യുപിയിൽ ബൂത്ത് പിടിക്കാൻ ബിജെപി ശ്രമിച്ചെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു.
ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ കാര്യമായ ഉയർച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടത്തിയത്. ഉത്തർപ്രദേശിൽ രാവിലെ ഭേദപ്പെട്ട പോളിംഗ് നടന്നെങ്കിലും ഉച്ചയോടെ ഇത് ഇടിഞ്ഞു. ബിജെപി പ്രവർത്തകർ പലയിടത്തും ബൂത്തുകൾ കൈയ്യടക്കിയെന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പരാതിക്ക് അടിസ്ഥാനമില്ലന്ന് ബിജെപി തിരിച്ചടിച്ചു