കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യുജിസി ചട്ടം പാലിക്കാതെയാണ് നാല് വര്‍ഷ ഗവേഷണ ബിരുദം നടപ്പിലാക്കുന്നത്. മതിയായ റിസര്‍ച്ച് ഗൈഡുകളില്ലാതെയാണ് പുതിയ പരിഷ്‌കരണം. ഭാവിയില്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. എന്നാല്‍ പരിഷ്‌കരണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
ഈ അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പിലാക്കുകയാണ് കണ്ണൂര്‍ സര്‍വകലാശാല. രണ്ട് തരത്തിലുള്ള കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഓണേഴ്‌സ് ഡിഗ്രിയും, ഓണേഴ്‌സ് ഡിഗ്രി വിത്ത് റിസര്‍ച്ചും. ഓണേഴ്‌സ് ഡിഗ്രി വിത്ത് റിസര്‍ച്ച് അഥവാ 4 വര്‍ഷ ഗവേഷണ ബിരുദം നേടുന്ന വിദ്യാര്‍ത്ഥിക്ക് നേരിട്ട് പിഎച്ച്ഡിക്ക് പ്രവേശനം കിട്ടും. യുജിസി മാനദണ്ഡം അനുസരിച്ച് ഇത് നടപ്പിലാക്കണമെങ്കില്‍ അതത് വകുപ്പുകളില്‍ രണ്ട് ഗവേഷണ മാര്‍ഗദര്‍ശികള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ കോഴ്‌സ് നടപ്പാക്കുന്നത് ഒരു വകുപ്പില്‍ പിഎച്ച്ഡിയുള്ള 2 അധ്യാപകരുണ്ടോ എന്ന് മാത്രം പരിഗണിച്ചാണ്. യുജിസി ചട്ടത്തിന് വിരുദ്ധമായി കോഴ്‌സുകള്‍ക്ക് നടപ്പിലാക്കുമ്പോള്‍ ഭാവിയില്‍ അംഗീകാരം നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ റിസര്‍ച്ച് ഗൈഡുകളുടെ എണ്ണം കുറവാണ്. കാലിക്കറ്റ്, എംജി സര്‍വകലാശാലകളില്‍ യുജി കോളേജുകളിലെ പിഎച്ച്ഡിയുള്ള അധ്യാപകര്‍ക്ക് റിസര്‍ച്ച് ഗൈഡിനുള്ള യോഗ്യത അനുവദിക്കുന്നുണ്ട്. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അങ്ങനെയല്ല.