പ്രധാനമന്ത്രി-മാർപാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച എക്സ് പോസ്റ്റിന്റെ പേരിൽ വിശ്വാസികളോട് മാപ്പ് പറഞ്ഞു കോൺഗ്രസ്. ഇറ്റലിയിൽ വെച്ച് നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് മോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ മോദിയും മാര്‍പാപ്പയും ഒത്തുച്ചേര്‍ന്നുള്ള ചിത്രം പങ്കുവെച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നു .
‘ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാന്‍ അവസരം കിട്ടി’ എന്ന തലക്കെട്ടോടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ചിത്രം എക്‌സില്‍ പങ്കിട്ടത്. പ്രധാനമന്ത്രി മോദിയെയും പോപ്പിനെയും കോൺഗ്രസ് അപമാനിച്ചെന്ന് ആരോപിച്ച് പോസ്റ്റിനെ ശക്തമായി അപലപിച്ച് ബിജെപി രംഗത്ത് എത്തിയതോടെ കോൺഗ്രസ്സ് മാപ്പ് പറയുകയായിരുന്നു.
‘തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്സലുകളോ നടത്തുന്ന @INCIndia കേരള ‘എക്സ്’ ഹാൻഡിൽ, ദേശീയ നേതാക്കൾക്കെതിരെ അപകീർത്തികരവും അപമാനകരവുമായ കണ്ടൻ്റുകൾ പോസ്റ്റ് ചെയ്യുന്നത് തുടരുന്നു. ഇപ്പോൾ, അത് ബഹുമാനപ്പെട്ട മാർപ്പാപ്പയെയും ക്രിസ്ത്യൻ സമൂഹത്തേയും പരിഹസിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു’, കേരള ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ട്വീറ്റ് ചെയ്തു.
‘കോൺഗ്രസിൻ്റെ ഈ ട്വീറ്റ് പ്രധാനമന്ത്രി മോദിയെ കർത്താവായ യേശുവിന് തുല്യമാക്കുന്നു. ഇത് തീർത്തും മതവികാരം വ്രണപ്പെടുത്തുന്നതും യേശുവിനെ ബഹുമാനിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് അപമാനവുമാണ്. കോൺഗ്രസ് ഈ നിലയിലേക്ക് പോയത് ലജ്ജാകരമാണ്’, കേന്ദ്രമന്ത്രി ജോർജ് കുര്യൻ ട്വീറ്റ് ചെയ്യ്തത് . വിശ്വാസങ്ങളെ അവഹേളിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.