തിരുവനന്തപുരം : ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാർഷികോഘോഷ നോട്ടീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി. മധുസൂദനൻ നായരെ ചുുമതലയിൽ നിന്ന് നീക്കി . ഇന്ന് ചേർന്നദേവസ്വം ബോർഡ് .യോഗത്തിന്റേതാണ് തീരുമാനം. ഹരിപ്പാട് ഡെപ്യൂട്ടി കമ്മിഷണറായാണ് നിയമനം. നോട്ടീസ് തയാറാക്കിയതിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മധുസൂദനൻ നായർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ സംഭവം ബോർഡിന് അവമതിപ്പുണ്ടാക്കിയെന്നും അനാവശ്യ വിവാദത്തിന് ഇടയാക്കിയെന്നും ദേവസ്വം സെക്രട്ടറി ജി. ബൈജു നൽകിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെ മധുസൂദനൻ നായർ 30 ദിവസത്തെ അവധിയിൽ പ്രവേശിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാർഷികാഘോഷങ്ങൾക്കായി തയ്യാറാക്കിയ നോട്ടീസാണ് വിവാദമായത്. പരിപാടിയിലെ അതിഥികളായ തിരുവിതാകൂർ രാജകുടുംബാംഗങ്ങളെ രാജ്ഞി, തമ്പുരാട്ടി എന്ന് പരാമർശിച്ചത് വിവാദമായിരുന്നു. തുടർന്ന്, അച്ചടിച്ച നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി വിമർശനമുയർന്നിരുന്നു. തിരുവിതാംകൂർ രാജകുടുംബ പ്രതിനിധികളായി ഗൗരി ലക്ഷ്മി ഭായിയെയും ഗൗരി പാർവതി ഭായിയെയുമാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. അസുഖം കാരണം ഇരുവർക്കും പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇന്ന് രാവിലെ ദേവസ്വം ബോർഡിനെ അറിയിക്കുകയായിരുന്നു. ശിലാഫലകത്തിൽ പേരുവച്ചെങ്കിലും ഇരുവരും എത്തിയില്ല. നേരിട്ട് അന്വേഷിച്ചപ്പോൾ, വിട്ടുനിന്നതിന് കാരണങ്ങൾ ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. കൂടാതെ ക്ഷേത്ര പ്രവേശനവിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതനധർമം ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കുക എന്ന രാജകൽപ്പനയുടെ ഭാഗമാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.