മുംബൈ: റിസർവ് ബാങ്ക് കെവൈസി വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള നോ യുവർ കസ്റ്റമർ നടപടികളിലാണ് റിസർവ് ബാങ്ക് മാറ്റം വരുത്തിയത്. ഒരിക്കൽ ഒരു ബാങ്കിൽ കെവൈസി നടപടിക്രമം പൂർത്തിയാക്കിയാൽ പിന്നീട് അതേ സ്ഥാപനത്തിൽ പുതിയ അക്കൗണ്ട് തുറക്കാനോ മറ്റു സേവനങ്ങൾക്കോ വീണ്ടും കെവൈസി നടപടികൾ വേണ്ടിവരില്ലെന്നതാണ് പ്രധാന നേട്ടം. മാറ്റങ്ങൾ നവംബർ ആറുമുതൽ പ്രാബല്യത്തിലായി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സമീപകാല മാറ്റങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് വേണ്ടിയാണ് റിസർവ് ബാങ്ക് തീരുമാനം. 2016ലെ കെവൈസി നിർദ്ദേശത്തിന് കീഴിലുള്ള ബാങ്കുകൾ അടക്കമുള്ള നിയന്ത്രിത സ്ഥാപനങ്ങൾക്കാണ് പുതിയ വ്യവസ്ഥ ബാധകം. ഒരു ഉപഭോക്താവിൽ നിന്ന് അധികമോ അപ്ഡേറ്റ് ചെയ്തതോ ആയ വിവരങ്ങൾ ലഭിക്കുമ്പോഴെല്ലാം ഉടൻ തന്നെ നോ യുവർ കസ്റ്റമർ റെക്കോർഡ് രജിസ്ട്രിയിൽ പുതുക്കിയ വിവരങ്ങൾ നൽകണമെന്നാണ് വ്യവസ്ഥ. രജിസ്ട്രി ഉപഭോക്താവിന്റെ നിലവിലുള്ള കെവൈസി റെക്കോർഡ് അപ്ഡേറ്റ് ചെയ്യും. ഒരു ഉപഭോക്താവിന്റെ കെവൈസി വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാണ് റെക്കോർഡ് ചെയ്യുക. ഇത്തരത്തിൽ കെവൈസി രേഖകൾ സ്വീകരിക്കുകയും സംഭരിക്കുകയും സുരക്ഷിതമാക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് നോ യുവർ കസ്റ്റമർ റെക്കോർഡ് രജിസ്ട്രി.#reserve-bank