വഴിയടച്ചു സമ്മേളനം നടത്തിയ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോടും നേരിട്ട് കോടതിയിൽ ഹാജരാകാൻ ഹൈക്കടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം വഞ്ചിയൂർ, സെക്രട്ടറിയേറ്റ്, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിൽ റോഡ് തടസ്സപ്പെടുത്തിയും നടപ്പാതയിൽ സ്റ്റേജ് കെട്ടിയതുമുൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഈ നിർദേശം. ഇരുവരും ഫെബ്രുവരി 10ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരാകണം. വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിനു എം.വി. ഗോവിന്ദൻ, മുൻ മന്ത്രി എം. വിജയകുമാർ, എംഎൽഎമാരായ വി. ജോയ്, കടകംപളളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, മുൻ എംപി എ. സമ്പത്ത് എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം എം.എല്‍.എ. ടി.ജെ. വിനോദ് എന്നിവരോടും കോടതിയില്‍ ഹാജാരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ പരിപാടിയെ തുടര്‍ന്നാണ് സി.പി.ഐ. നേതാക്കള്‍ക്കെതിരായ നടപടി.
റോഡ് കയ്യേറിയുള്ള സമരങ്ങളും സമ്മേളനങ്ങളും ധാരാളമായി നടന്നുകൊണ്ടിരിക്കെ ഇതുപോലെയുള്ള സംഭവങ്ങളിൽ നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്ന് കോടതി വ്യക്തമാക്കി. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന ഡിജിപി എന്നിവരെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.