ബാലരാമപുരത്തെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപെട്ടു സ്ഥലത്തു നാടകീയ രംഗങ്ങൾ അരങ്ങേറി. കല്ലറ തുറക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരു വിഭാഗം നാട്ടുകാരും പറഞ്ഞതോടെ രംഗം വഷളായി. ഗോപന്റെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് വീട്ടിലേക്ക് മാറ്റി.
വീടിനു മുന്നില്‍ പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ കളക്ടര്‍ ഉത്തരവിട്ടതോടെയാണ് കുടുംബം പ്രതിഷേധമുയർത്തിയത്. സബ്കളക്ടറുടെ സാന്നിധ്യത്തിലാവും ഫോറന്‍സിക് പരിശോധന.
നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്‍ സമാധിയായെന്ന് അവകാശപ്പെട്ടാണ് കുടുംബം കല്ലറ നിര്‍മ്മിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കുകയായിരുന്നു. ഗോപന്റേത് കൊലപാതകമാണോ എന്ന് നാട്ടുകാർക്കുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.
സബ് കളക്ടറും ഫോറന്‍സിക് ഉദ്യോഗസ്ഥരും പൊലീസും പ്രദേശത്തുണ്ടായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. നിയമാനുസൃതമായല്ല പൊളിക്കൽ എന്നാണ് പ്രദേശവാസികളും വീട്ടുകാരും അഭിപ്രായപ്പെടുന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ തത്കാലം കല്ലറ പൊളിക്കേണ്ട എന്ന് അവസാനം തീരുമാനിക്കുകയായിരുന്നു.