ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം ഇന്ന് സോണിയ ഗാന്ധി നിർവഹിക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയുടെ പേരിലാണ് പുതിയ ആസ്ഥാനം. 24 അക്ബർ റോഡ് എന്നതിന് പകരം 9A കോട്ല റോഡ് എന്നായിരിക്കും AICC ആസ്ഥാനത്തിന്റെ പുതിയ മേൽവിലാസം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) രൂപീകരിച്ചത് മുതൽ 24, അക്ബർ റോഡ് ആണ് കോൺഗ്രസ്സിന്റെ ആസ്ഥാന മന്ദിരം. ഒട്ടേറെ രാഷ്ട്രീയ ചർച്ചകൾക്കും പോരാട്ടങ്ങൾക്കും സാക്ഷിയായ തങ്ങളുടെ പഴയ ആസ്ഥാനം കോൺഗ്രസ് നിലനിർത്താനാണ് സാധ്യത. ഉദ്‌ഘാടന ചടങ്ങിൽ പ്രവർത്തക സമിതി അംഗങ്ങളും പ്രധാന നേതാക്കളും അടക്കം 200ഓളം ആളുകൾ പങ്കെടുക്കും. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം പി പ്രിയങ്ക ഗാന്ധി, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എന്നിവർ പങ്കെടുക്കും. അന്തരിച്ച മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ചേർന്നാണ് 2009ൽ പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടത്. 5 നിലയുള്ള പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം നീണ്ട 15 വര്ഷം എടുത്താണ് പൂർത്തീകരിച്ചത്.