ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ താക്കീത്. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തത് എന്ത് കാരണത്താൽ എന്ന് കൃത്യമായി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. നിലവില്‍ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ നല്‍കിയ വാദങ്ങള്‍ സ്വീകാര്യമല്ല. ഒരു തരത്തിലുള്ള ന്യായീകരണവും ഇക്കാര്യത്തിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. അശ്‌ളീല പരാമർശങ്ങളിൽ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്തതെന്തെന്ന് കാണിച്ചു 12 മണിക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്തും വിലയ്ക്ക് വാങ്ങാമെന്ന് ബോബി ചെമ്മണ്ണൂർ കരുതേണ്ടതില്ലെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ പുറത്തിറങ്ങാൻ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.