പാറശ്ശാലയിൽ ഷാരോണ്‍ എന്ന യുവാവിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞാണ് വിധി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഷാരോണും പ്രതി ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേർത്ത കഷായം നൽകുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പതിനൊന്നു ദിവസത്തിന് ശേഷം മരണപ്പെടുകയുമായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായർ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും ഷാരോണിന്റെ മരണമൊഴിയുമാണ് ഈ കേസിൽ നിർണായകമായത്.