സിപിഐ യിൽ വീണ്ടും ‘കാനം ഇഫക്ട്’. പിന്നെയും വിഭാഗീയത തലപൊക്കി. പഴയ കാനം വിരുദ്ധർക്കെതിരെ പാർട്ടിയിൽ പടയൊരുക്കം രൂക്ഷമായി. കെ സുരേന്ദ്രൻറെ കേക്കിൽ പിടിച്ച് വിഎസ് സുനിൽകുമാറിനെതിരെ പണി തുടങ്ങി. ബിനോയ് വിശ്വത്തെ മാറ്റാതിരിക്കാനും ചരടുവലി. സംസ്ഥാന സമ്മേളനത്തിന് മുൻപ് ചിലരെ പുകച്ചു ചാടിക്കാനും നീക്കം തുടരുകയാണ്..
ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചതോടെയാണ് സിപിഐ സംസ്ഥാന ഘടകത്തിൽ വീണ്ടും വിഭാഗീയത തലപൊക്കി തുടങ്ങിയത്.നിലവിലുളള സംസ്ഥാന നേതൃത്വത്തിന് എതിരായി വരാൻ ശേഷിയുളളവരെ തിരിച്ചറിഞ്ഞ് ആദ്യം തന്നെ അവരെ ഒതുക്കാനുളള നീക്കങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്നലെ നടന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ അതിൻെറ ലാഞ്ചന പ്രകടം ആകുകയും ചെയ്തു.
കാനം രാജേന്ദ്രൻ വിരുദ്ധ ചേരിയിലെ പ്രമുഖനായിരുന്ന വി.എസ്. സുനിൽ കുമാറിനെതിരെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി.പി. സുനീർ തന്നെ സംസ്ഥാന എക്സിക്യൂട്ടിവിൽ വിമർശനം ഉന്നയിച്ചതാണ് പാർട്ടി സമ്മേളനം മുൻനിർത്തിയുളള പോരിൻെറ തിരനോട്ടമായി വിലയിരുത്തപ്പെടുന്നത്. സിപിഐ സംസ്ഥാന ഘടകത്തിലെ കാനം വിരുദ്ധ ചേരിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ സുനിൽകുമാറിനെ സംസ്ഥാന സമ്മേളനത്തിന് മുൻപ് തന്നെ പുകച്ച് ചാടിക്കാനുളള ശ്രമമായാണ് സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയായ പി.പി.സുനീറിൻെറ വിമർശനത്തെ പാർട്ടി നേതാക്കൾ കാണുന്നത്.
എല്ലാ ജില്ലയിലുമുളള പാർട്ടി നേതാക്കളുമായി നല്ല ബന്ധവും ജനകീയ പ്രതിഛായയുമുളള സുനിൽ കുമാറിനെ ഒതുക്കിയാൽ നേതൃമാറ്റത്തിന് വേണ്ടിയുളള എതിർപക്ഷത്തിൻെറ നീക്കത്തിന് നേതൃത്വം കൊടുക്കാനാളില്ലാതാവും. അതാണ് ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയ ഘട്ടത്തിൽ തന്നെ സുനിൽകുമാറിനെതിരായ കുറ്റപത്രവുമായി അസിസ്ററൻറ് സെക്രട്ടറിയും പഴയ കാനം പക്ഷത്തെ തേരാളിയുമായ പി.പി.സുനീർ തന്നെ കളത്തിലിറങ്ങിയത്.
കാനം രാജേന്ദ്രൻ മരിച്ചതോടെ നേരത്തെ ഗ്രൂപ്പിലുണ്ടായിരുന്ന ചില നേതാക്കൾ വിട്ട് പോയെങ്കിലും പഴയ കാനം പക്ഷം ഇപ്പോഴും സിപിഐ യിൽ സജീവമാണ്. കാനം പക്ഷക്കാരുടെ പിന്തുണയിലാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി വാഴിച്ചത്. കാനത്തിൻെറ ഒസ്യത്ത് പ്രകാരം സെക്രട്ടറിയായെന്ന വിമർശനമാണ് കാനം വിരുദ്ധപക്ഷം ബിനോയ് വിശ്വത്തിനെതിരെ ഉന്നയിക്കുന്നത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുൻനിർത്തിയാണ് പഴയ കാനം പക്ഷത്തിൻെറ പ്രവർത്തനമെങ്കിലും ഗ്രൂപ്പിൻെറ കടിഞ്ഞാണേന്തുന്നത് മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ, എം.പിമാരായ പി.സന്തോഷ് കുമാർ, പി.പി.സുനീർ ദേശിയ എക്സിക്യൂട്ടിവ് അംഗം കെ.പി രാജേന്ദ്രൻ എന്നിവരാണ്.
ഈ അഞ്ച് പേരുടെ തീരുമാനങ്ങളാണ് പാർട്ടിയുടെ തീരുമാനങ്ങളായി വരുന്നതെന്നും ഗ്രൂപ്പിൻെറ ആജ്ഞക്കൊത്ത് തുളളുന്നയാളായി ബിനോയ് വിശ്വം മാറിയെന്നും എതിർപക്ഷം ആരോപിക്കുന്നു. സെപ്റ്റംബറിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ ബിനോയ് വിശ്വത്തെ മാറ്റാനുളള നീക്കം സജീവമാക്കിയെടുക്കാനാണ് കാനം വിരുദ്ധപക്ഷത്തിൻെറ ആഗ്രഹം. ദേശിയ എക്സിക്യൂട്ടിവ് അംഗം കെ.പ്രകാശ് ബാബുവിനെ സെക്രട്ടറിയാക്കണമെന്നാണ് കാനം വിരുദ്ധരുടെ താൽപര്യം. കഴിഞ്ഞ സമ്മേളനത്തിലും ഈ ലക്ഷ്യം മുൻനിർത്തി ശക്തമായ നീക്കം നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പാളിപ്പോയി.
എന്നാൽ സംസ്ഥാനമാകെ പ്രതിനിധികളെ ഏകോപിപ്പിക്കാനും അതിന് മുൻകൈ എടുക്കാനും കഴിയുന്ന നേതാക്കളുടെ കുറവാണ് കാനം വിരുദ്ധർ നേരിടുന്ന പ്രധാന പ്രശ്നം. 75 വയസ് പ്രായപരിധി മാനദണ്ഡത്തെ തുടർന്ന് കെ.ഇ. ഇസ്മയിൽ നേതൃസമിതികളിൽ നിന്നെല്ലാം ഒഴിവായതാണ് കാനം വിരുദ്ധ പക്ഷത്തിന് വിനയായത്. സെക്രട്ടറി എന്ന നിലയിലുളള ബിനോയ് വിശ്വത്തിൻെറ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന നേതാക്കൾ പോലും തൃപ്തതരല്ല.
ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിച്ച് സംഘടനാകാര്യങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒരു പോലെ പ്രാഗത്ഭ്യമുളള പ്രകാശ് ബാബുവിനെ സെക്രട്ടറിയായി കൊണ്ടുവരണമെങ്കിൽ സംസ്ഥാനമാകെ ഏകോപനം വേണ്ടിവരും. അതിന് സുനിൽ കുമാറും അദ്ദേഹത്തിനൊപ്പമുളളവരും തയാറാകുമോയെന്ന ആശങ്കയിലാണ് സുനിലിനെ വെട്ടാൻ ഇപ്പോൾ തന്നെ പഴയ കാനം പക്ഷം നീക്കം തുടങ്ങിയത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനിൽ നിന്ന് കേക്ക് സ്വീകരിച്ച വിഷയത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് തെറ്റാണെന്ന് വിമർശിച്ച് കൊണ്ടാണ് പി.പി.സുനീർ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വി.എസ്. സുനിൽ കുമാറിനെതിരെ വാളെടുത്തത്. തൃശൂരിലെ വിഷയം തൃശൂരിൽ വെച്ച് പ്രതികരിക്കണം എന്നതാണ് സുനീറിൻെറ ന്യായം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടി സുനീറിനോട് യോജിച്ചതോടെയാണ് തെറ്റ് ചൂണ്ടിക്കാട്ടലല്ല, സുനിൽ കുമാറിനെതിരായ ആസൂത്രിതമായ നീക്കമാണെന്ന് മറ്റ് നേതാക്കൾക്ക് മനസിലായത്. സുനിൽകുമാറിനെ തെറ്റ് ബോധ്യപ്പെടുത്തുമെന്ന് സംസ്ഥാന സെക്രട്ടറി യോഗത്തിൽ പറഞ്ഞതോടെ വിഷയം വിട്ടിട്ടില്ലെന്നും വ്യക്തമായി.
പാർട്ടിയിൽ ബിനോയ് വിശ്വം ചുമതല ഏറ്റെടുത്തപ്പോൾ തന്നെ ഇത്ത്രത്തിലുള്ള വിഭാഗീയത രൂക്ഷമായിരുന്നു… ബിനോയ് വിശ്വത്തിനെതിരെ കാനം വിരുദ്ധ പക്ഷം വിമർശനവുമായി രംഗത്ത് വന്നിരുന്നു… പിന്നീട് ചെറിയ ചിലപിണക്കങ്ങളിലൂടെ പാർട്ടി മുന്നോട്ട് പോയി എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ സുനിൽകുമാറിന്റെ തോൽവിയോടെ ചേരിതിരിഞ്ഞുള്ള വിമർശനം രൂക്ഷമായി.. മുൻ മന്ത്രിയായും എംഎൽഎ ആയും പ്രവർത്തിപരിജയമുള്ള സുനിൽകുമാറിന് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സാധിക്കാതിരുന്നതും ചർച്ചയായി മാറി.. മാത്രമല്ല കരുവന്നൂർ വിഷയത്തിൽ സുനിൽകുമാർ ശബ്ദമുയർത്താതിരുന്നതും എതിർപക്ഷത്തിന് വിമർശനം കടുപ്പിക്കാനുള്ള അവസരം കൂട്ടി… മാത്രമല്ല സുന്ൽകുമാറിന് മാത്രം വീണ്ടും വീണ്ടും അവസരം ലഭിക്കുന്നു ചർച്ചയും പാർട്ടിയൽ സജ്ജീവമാണ്.. കെ സുരേന്ദ്രന്റെ കേക്ക് വിവാദം കൂടിയായപ്പോൾ പരസ്യമായ പ്രതികരണത്തിലേക്ക് നീങ്ങുകയായിരുന്നു..
ഇപ്പോൾ നടക്കുന്ന ബ്രാഞ്ച് സമ്മേളനം കഴിഞ്ഞ് ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുന്നതോടെ സിപിഐ യിലെ ഗ്രൂപ്പ് പോര് മൂർച്ഛിക്കാനാണ് സാധ്യത.