ഷാരോൺ വധക്കേസിൽ വിധി പ്രസ്താവിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താനുള്ള ഓൾ കേരള മെൻസ് അസോസിയേഷന്റെ ശ്രമം പോലീസ് നിർത്തിവെച്ചു. പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശം പോലീസ് തടഞ്ഞുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത രാഹുൽ ഈശ്വർ പറഞ്ഞു.
സെക്രട്ടറിയേറ്റിനു മുന്നിൽ പടക്കം പൊട്ടിക്കലും പാലഭിഷേകവുമായി ആഹ്ലാദപ്രകടനം നടത്താനും ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ പ്രതിഷേധിക്കാനും ആയിരുന്നു ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ ഒത്തുകൂടിയത്. ഇവരിൽ നിന്ന് ജഡ്ജിയുടെ കട്ടൗട്ടും അഭിഷേകത്തിനുള്ള പാലും പോലീസ് പിടിച്ചെടുത്തു.
പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശം പോലീസ് തടഞ്ഞുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുൽ ഈശ്വർ പറഞ്ഞു. വനിതാ കമ്മീഷൻ മാതൃകയിൽ പുരുഷ കമ്മീഷൻ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും എം.എൽ.എ. എൽദോസ് കുന്നപ്പള്ളിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഷാരോൺ ഇരയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നും ഗ്രീഷ്മ വേട്ടക്കാരി ആണെന്നും ആരും പറഞ്ഞതായി കേൾക്കുന്നില്ല എന്നും. കൊലപാതകത്തെ ചിലർ ന്യായീകരിക്കാൻ ശ്രമിക്കുന്നു എന്നും രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി. പുരുഷ വിരോധമാണ് പുരോഗമനം എന്ന ചിന്തയാണ് കേരളത്തിൽ കൂടുതൽ പേർക്കുമുള്ളത് എന്നും രാഹുൽ ഈശ്വരൻ കൂട്ടിച്ചേർത്തു.