കൊഹിമ: നാഗാലാന്റിൽ തിരിച്ചുവരവ് ഉറപ്പിച്ച് കോൺഗ്രസ്.. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുടെ 15 നേതാക്കൾ കോൺഗ്രസിൽ ചേർന്നു..നാഗാലാൻഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെൻ ജാമിർ, വർക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവർ ഇവരെ സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപോലും വിജയിക്കാനാകാതെ വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.. എൻപിപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിടോങ് സാങ്തം, ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) എൽ. ഹികെതോ ഷോഹെ, മഹിളാ വിഭാഗം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിൻ കുമാർ, അകിതി ചിഷി തുടങ്ങിയവർക്കൊപ്പം എൻപിപിയുടെ യുവജന വിഭാഗം നേതാക്കളും കോൺഗ്രസിലെത്തി.
യുവനേതാക്കളുടെ ഈ പ്രവേശനം പ്രധാന വഴിത്തിരിവായാണ് കോൺഗ്രസ് കണക്കാക്കുന്നത് എന്നാണ് നാഗാലാന്റ് പിസിസി പ്രസിഡന്റും എംപിയുമായ -ജാമിർ പറഞ്ഞത്..
”പാർട്ടിയുടെ വഴിത്തിരിവാണ് ഇവരുടെ പ്രവേശനം. ഭരിക്കുന്ന പാർട്ടിയിലേക്ക് ചേക്കേറുന്ന ട്രെൻഡിൽനിന്ന് മാറി കോൺഗ്രസിന് ജനപിന്തുണ വർധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. നാഗാലാൻഡിന്റെ വികസനത്തിനായി യുവാക്കൾ ഒത്തുചേരുകയാണ്”
1993 മുതൽ 2003 വരെ 10 വർഷം കോൺഗ്രസ് തുടർച്ചയായി ഭരിച്ച സംസ്ഥാനമാണ് നാഗാലാൻഡ്. 2003ൽ കോൺഗ്രസിനെ വീഴ്ത്തി അധികാരത്തിലെത്തിയ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) തുടർച്ചയായ മൂന്ന് ടേം സംസ്ഥാനം ഭരിച്ചു. 2018ൽ ബിജെപി-എൻഡിപി സഖ്യം അധികാരത്തിലെത്തി. 2023ലും എൻഡിഎ സഖ്യമാണ് ഭരണം പിടിച്ചത്.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായ കോൺഗ്രസ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത് പാർട്ടിക്ക് വലിയ ഊർജമായിരുന്നു. പിസിസി അധ്യക്ഷനായ സുപോങ്മറെൻ ജാമിർ ആണ് നാഗാലാൻഡിലെ ഏക പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.