കൊവിഡ് അഴിമതി ആരോപണം പച്ചക്കള്ളം. കണക്കുകൾ നിരത്തി തോമസ് ഐസക്ക്

കൊവിഡ് കാലത്ത് പി പി ഇ കിറ്റ് വാങ്ങിയതില്‍ സാമ്പത്തിക ക്രമേക്കേട് നടന്നുവെന്ന സി എ ജി റിപ്പോർട്ട് തള്ളി ആരോഗ്യവകുപ്പും രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് തവണ കൊവിഡ് രോഗം വ്യാപിച്ചപ്പോഴും ഫലപ്രദമായാണ് കേരളം നേരിട്ടത്. വെന്റിലേറ്റർ സഹായം ലഭിക്കാതെ കേരളത്തിൽ ആരുടേയും ജീവൻ നഷ്ടമായിട്ടില്ല എന്നും കൊവിഡ് കാലത്ത് ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ലെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി വീണ ജോർജ് പറഞ്ഞു.

നമ്മുടെ നാട്ടിലെ പുഴകളിലൂടെ ആരുടേയും മൃതദേഹങ്ങളും ഒഴുകി നടന്നിട്ടില്ല, പിപിഇ കിറ്റ് ഇട്ടായിരുന്നു അന്ന് മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത്. കൊവിഡ് കാലത്ത് വിദേശത്ത് നിന്നുപോലും ആളുകൾ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. ഇതില്‍ ഒമ്പത് ശതമാനം മാത്രമാണ് കേന്ദ്ര സഹായമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ്

അതേസമയം, മഹാമാരിപോലുള്ള വലിയ പ്രകൃതിദുരന്ത മുഖങ്ങളിൽ ഇനിയും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കി. പെർഫോമൻസ് ഓഡിറ്റ് മുഴുവൻ കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറ്റം പറയാനാണ് നീക്കിവച്ചിരിക്കുന്നത്. കുറ്റം പറഞ്ഞോളൂ. പക്ഷേ, മറ്റുള്ളവരുമായും താരതമ്യപ്പെടുത്തണ്ടേ? ഇനിയും ഒത്തിരി ചെയ്യാനുണ്ട്. പക്ഷേ, യുഡിഎഫിന്റെ കാലത്തെ അപേക്ഷിച്ച് എത്ര വലിയ പുരോഗതിയാണ് ഉണ്ടായതെന്നു പറയണ്ടേയെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കുറച്ചു ദിവസമായി പിപിഇ കിറ്റ് സംബന്ധിച്ച സിഎജി റിപ്പോർട്ട് മാധ്യമങ്ങളിലും നിയമസഭയിലും കറങ്ങാൻ തുടങ്ങിയിട്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാത്രമല്ല ധനമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഈ വെട്ടിപ്പ് നടന്നതെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. വലിയ അന്വേഷണമൊന്നും വേണ്ട. ധനമന്ത്രികൂടി അറിഞ്ഞുകൊണ്ടാണ് സാധാരണഗതിയിലുള്ള ടെണ്ടർ നടപടിക്രമങ്ങൾ മറികടന്ന് പിപിഇ കിറ്റുകൾ വാങ്ങുന്നതിന് അനുമതി നൽകിയത്. മഹാമാരിപോലുള്ള വലിയ പ്രകൃതിദുരന്തമുഖങ്ങളിൽ ഇനിയും ഇങ്ങനെ വേണ്ടിവരും.

എന്തായിരുന്നു അന്നത്തെ സ്ഥിതിവിശേഷം? കോവിഡിന്റെ ഇന്ത്യയിലെ ആദ്യത്തെ രോഗബാധ കണ്ടെത്തിയത് 2020 ജനുവരി 30-ന് കേരളത്തിലാണ്. നീപയുടെ അനുഭവമുള്ളതിനാൽ അന്നു മുതൽ കേരളം അതീവജാഗ്രതയിലായി. മാർച്ച് മാസം ആയപ്പോഴേക്കും ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. മാർച്ച് 24-ന് രാജ്യമാസകലം ലോക്ഡൗണും പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരാവട്ടെ എല്ലാ സംസ്ഥാന സർക്കാരുകളും പിപിഇ കിറ്റുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് അത്യാവശ്യ സാമഗ്രികൾ തുടങ്ങിയവ അടിയന്തരമായി വാങ്ങി സ്റ്റോക്ക് ചെയ്യണമെന്ന് സർക്കുലർ ഇറക്കി. ഇത്തരത്തിൽ ഒരു ശേഖരമുണ്ടാക്കുന്നതിന് ഓരോ തവണയും ധനവകുപ്പിൽ വരേണ്ടതില്ലെന്നും, ഇതിനായി രൂപീകരിച്ച എമർജൻസി കമ്മിറ്റിയുടെ തീരുമാന പ്രകാരം ലഭ്യമായ ഇടങ്ങളിൽ നിന്നും നെഗോഷിയേറ്റ് ചെയ്ത് വാങ്ങുന്നതിന് അനുവാദവും നൽകി. ഇത്തരത്തിൽ ഫലപ്രദമായി നടപടികൾ സ്വീകരിച്ചതുകൊണ്ട് എന്തായിരുന്നു നേട്ടം?

ഡോ. കെ.പി. അരവിന്ദൻ അക്കാലത്തുതന്നെ നടത്തിയ ഒരു നിരീക്ഷണം ഓർക്കുന്നത് നല്ലത്. ആദ്യ കോവിഡ് തരംഗത്തിൽ പൊതുജനങ്ങളുടെ ഇടയിൽ ഉള്ളതിനേക്കാൾ ആരോഗ്യപ്രവർത്തുകരുടേയും ഡോക്ടർമാരുടേയും മരണനിരക്ക് ഉയർന്നതായിരുന്നു. ഇതിനുള്ള പ്രധാന കാരണം രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും സംരക്ഷണം നൽകാൻ വേണ്ടത്ര പി.പി.ഇ കിറ്റുകൾ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. മഹാമാരി തുടങ്ങിയശേഷം ലോകമെമ്പാടും പി.പി.ഇ കിറ്റുകൾക്ക് ദൗർലഭ്യം ഉണ്ടായി. കൂടുതൽ വില നൽകേണ്ടി വന്നെങ്കിലും കേരളം ഇതിനെ മറികടന്നു. ഫലമോ?

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണക്ക് പ്രകാരം 2020 മാർച്ച് മുതൽ ആഗസ്റ്റ് വരെ 196 ഡോക്ടർമാർ കോവിഡ് ബാധിച്ചു മരണപ്പെട്ടു. സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളും ലഭ്യമാണ്. കേരളത്തിൽ ഒരു ഡോക്ടർപോലും കോവിഡുമൂലം മരണപ്പെട്ടിരുന്നില്ല. ഏറ്റവുമധികം തമിഴ്നാടിൽ, പിന്നെ ഗുജറാത്തും മഹാരാഷ്ട്രയും. പിന്നെ ബിഹാർ, ബംഗാൾ, കർണാടക എന്നിങ്ങനെ. കോവിഡ് രണ്ടാം തരംഗത്തിൽ പി.പി.ഇ കിറ്റ് മാത്രമല്ല, ആശുപത്രി കിടക്കകളും ഓക്സിജൻ സിലിണ്ടറുകളുമില്ലാതെ ലക്ഷങ്ങൾ അല്ലേ ഇന്ത്യയിൽ മരിച്ചത്? ഇപ്പോൾ മൊത്തം കണക്കുകൾ ലഭ്യമാണ്. 1600 ഡോക്ടർ കോവിഡ് കാലത്ത് ഇന്ത്യയിൽ മരണമടഞ്ഞു. കേരളത്തിലെ മരണം 7 മാത്രം.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഏതാണ്ട് 50 ലക്ഷമാണ്. ലോകത്തുണ്ടായ അധിക മരണത്തിൽ മൂന്നിലൊന്ന് ഇന്ത്യയിൽ ആയിരുന്നു. തെരഞ്ഞെടുപ്പും മറ്റു സമരങ്ങളെല്ലാംമൂലം വ്യാപനത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായിട്ടും കേരളത്തിലാണ് മരണനിരക്ക് ഏറ്റവും കുറവ്. ഇന്ത്യയിൽ പൊതുവിൽ അധികമരണം ഔദ്യോഗിക കണക്കിന്റെ 10 ഇരട്ടിയാണെങ്കിൽ കേരളത്തിൽ അത് 0.6 മടങ്ങ് മാത്രമാണ്. ഇത് കേരളത്തിന്റെ വലിയ നേട്ടമാണ്. ഇതിന്റെ അടിസ്ഥാനം മഹാമാരിയെ നേരിടാൻ കേരളം സ്വീകരിച്ച മുൻകരുതലും ജാഗ്രതയുമാണ്.

ഇതിനെ അപകീർത്തിപ്പെടുത്താൻ സിഎജി റിപ്പോർട്ടിൽ എന്താണ് പറയുന്നത്? കോവിഡിനു മുമ്പ് കേരള സർക്കാർ പി.പി.ഇ കിറ്റിന് 545 രൂപയാണ് നിശ്ചയിച്ചതത്രേ. ഈ വിലയേക്കാൾ ഉയർന്ന് 800 രൂപ മുതൽ 1550 രൂപ വരെയുള്ള നിരക്കിൽ 2.56 ലക്ഷം കിറ്റുകൾ വാങ്ങിയത്രേ. ഇതുമൂലം സർക്കാരിന് 10.23 കോടി രൂപയുടെ നഷ്ടമുണ്ടായത്രേ. ഇതു വലിയ അഴിമതി ആയിട്ടാണ് പ്രതിപക്ഷം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ സിഎജി കോവിഡിനു മുമ്പുള്ള മാർക്കറ്റ് വിലയല്ല കോവിഡ് കാലത്തെ മാർക്കറ്റ് വിലയല്ലേ താരതമ്യത്തിന് ഉപയോഗിക്കേണ്ടത്? ഇത്തരം കണക്കുകൾ ജനങ്ങളെ കബളിപ്പിക്കാനുള്ള അടവുകളാണ്.

ഇങ്ങനെ നമ്മൾ പറയുമ്പോൾ സിഎജിയും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുക കോവിഡ് കാലത്ത് ഏതാണ്ട് ഒരേസമയത്ത് 800 മുതൽ 1550 വരെ പല വിലകൾ എങ്ങനെ കൊടുത്തൂവെന്നതാണ്. പി.പി.ഇ കിറ്റുകളെല്ലാം ഒരേ തരത്തിലുള്ളതാണോ? ഒരേ ഇനം പി.പി.ഇ കിറ്റുകളാണ് വാങ്ങിയതെന്നതിന് സിഎജി എന്തെങ്കിലും തെളിവ് ഹാജരാക്കുന്നുണ്ടോ?

അപ്പോഴാണ് അടുത്ത വാദം. താഴ്ന്ന വില ക്വാട്ട് ചെയ്ത കമ്പനിയിൽ നിന്ന് കൊടുത്ത ഓർഡർ മുഴുവൻ വാങ്ങാതെ, കൂടിയ വിലയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്നും വാങ്ങിയത്രേ. എന്താണ് യാഥാർത്ഥ്യം? ഇങ്ങനെ താരതമ്യേന താഴ്ന്ന വിലയ്ക്ക് ക്വാട്ട് ചെയ്ത കമ്പനികൾക്ക് വലിയ ഓർഡറും നൽകി. എന്നാൽ അതിന്റെ പകുതിപോലും സപ്ലൈ ചെയ്യാൻ അവർ തയ്യാറായില്ല. ചട്ടപ്രകാരം അവരുടെ ഓർഡർ റദ്ദാക്കി, പുതിയ ടെണ്ടർ വിളിച്ച് പി.പി.ഇ കിറ്റുകൾ വാങ്ങണമായിരുന്നത്രേ. പി.പി.ഇ കിറ്റ് ആവശ്യത്തിന് ലഭ്യമല്ലാതിരുന്ന അവസ്ഥയിൽ പരമാവധി വില കുറഞ്ഞിടത്തുനിന്നും വാങ്ങുക, വേണ്ടി വന്നാൽ കൂടുതൽ വില നൽകി മറ്റു സ്രോതസ്സുകളിൽ നിന്ന് ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പുവരുത്തുക എന്നൊരു നയമാണ് സർക്കാർ കൈക്കൊണ്ടത്.

കേന്ദ്ര സർക്കാർ പറഞ്ഞതുപോലെ അടിയന്തര നടപടികളിലൂടെ കിറ്റും മരുന്നും ഓക്സിജൻ സിലിണ്ടറുകളുമൊന്നും ശേഖരിച്ചുവയ്ക്കാതെ പതിനായിരങ്ങളെ മരണത്തിലേക്കു തള്ളിവിട്ട മറ്റു ബിജെപി, കോൺഗ്രസ് സംസ്ഥാനങ്ങളുടെ നിരുത്തവാദപരമായ സമീപനത്തെ തുറന്നുകാണിക്കുകയാണ് സിഎജി ചെയ്യേണ്ടത്. കേരളത്തെ അഭിനന്ദിക്കുകയാണു വേണ്ടത്. പക്ഷേ, കേരളത്തിനെതിരെ ക്വട്ടേഷൻ എടുത്തിരിക്കുന്ന സിഎജിയിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാൻ?

പെർഫോമൻസ് ഓഡിറ്റ് മുഴുവൻ കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറ്റം പറയാനാണ് നീക്കിവച്ചിരിക്കുന്നത്. കുറ്റം പറഞ്ഞോളൂ. പക്ഷേ, മറ്റുള്ളവരുമായും താരതമ്യപ്പെടുത്തണ്ടേ? ഇനിയും ഒത്തിരി ചെയ്യാനുണ്ട്. പക്ഷേ, യുഡിഎഫിന്റെ കാലത്തെ അപേക്ഷിച്ച് എത്ര വലിയ പുരോഗതിയാണ് ഉണ്ടായതെന്നു പറയണ്ടേ? എനിക്ക് ഓർമ്മവരുന്നത് പ്രതിപക്ഷവുമായി ചേർന്ന് സിഎജി നടത്തിയ കിഫ്ബി അട്ടിമറിയാണ്. ഇനിയിപ്പോൾ സാർവ്വത്രിക അംഗീകാരം നേടിയ ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്തലാണ് കേന്ദ്ര സർക്കാർ അവരെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം. എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചട്ടവിരുദ്ധ നിയമനം: എം ആർ അജിത് കുമാറിനെ മാറ്റി.

സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലീസിലെ കായിക ചുമതലയിൽ...

കാൻസർ സേഫ് കേരള പദ്ധതിയുടെ; സൗജന്യ രോഗനിർണയ മെഗാ ക്യാമ്പുകൾക്ക് തുടക്കമാകുന്നു.

നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ, സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, ആർമി, കോസ്റ്റ്...

സൈനിക ഫ്ലാറ്റ് പൊളിക്കാൻ അനുമതി. കമ്മിറ്റി രൂപീകരിക്കും

കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ...

ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ഏറ്റവും മുന്തിയ പരിഗണന: കെ.സുരേന്ദ്രൻ

നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും...