10 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ മുംബൈയെ അട്ടിമറിച്ചു ജമ്മു ആൻഡ് കാശ്മീർ. 5 വിക്കറ്റിനാണ് മുംബൈ പരാജയപ്പെട്ടത്. ശാർദൂൽ താക്കൂർ നേടിയ 119 റൺസാണ് ആതിഥേയരായ മുംബൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. എന്നാൽ 205 എന്ന ടാർഗറ്റ് 5 വിക്കറ്റ് നഷ്ടത്തിൽ ജമ്മു ആൻഡ് കശ്മീർ മറികടന്നു. ഓപ്പണർമാരായ ശുഭം ഖജൂരിയ (45), യവർ ഹസ്സൻ (24), വിവ്രാന്ത് ശർമ്മ (34) എന്നിവർ നൽകിയ മികച്ച തുടക്കത്തിലാണ് ജമ്മു ആൻഡ് കാശ്മീർ മുംബൈയെ അട്ടിമറിച്ചത്.
ഇതോടെ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ ജയപരാജയങ്ങൾ അനുസരിച്ചാണ് ഇനി മുംബൈയുടെ നോക്ഔട്ട് മത്സര പ്രതീക്ഷകൾ. ബി സി സി ഐ യുടെ നിയമപ്രകാരം ആഭ്യന്തര ക്രിക്കറ്റ് കളിച്ച അന്താരാഷ്ട്ര താരങ്ങൾ ആയ രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവരൊക്കെ ഉണ്ടായിട്ടും മുംബൈയെ വിജയത്തിലേക്ക് നയിക്കാനായില്ല. ഒരു അന്താരാഷ്ട്ര താരം പോലും ഇല്ലാത്ത ജമ്മു ആൻഡ് കാശ്മീർ ആണ് ഇത്രയും പരിചയ സമ്പത്തോടെ വന്ന ടീമിനെ പരാജയപ്പെടുത്തിയത് എന്നുള്ളത് മറ്റൊരു കൗതുകം. 2014ൽ ആണ് അവസാനമായി ജമ്മു ആൻഡ് കാശ്മീർ മുംബൈയെ രഞ്ജിയിൽ പരാജയപ്പെടുത്തിയത്.