ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി രംഗത്തെ വമ്പന്മാരായ ഓപ്പൺ എ ഐക്കെതിരെ കോപ്പിറൈറ്റ് ലംഘിച്ചു എന്ന പരാതിയുമായി ഇന്ത്യയിലെ പുസ്തക പ്രസാധകർ കോടതിയിൽ. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് എന്ന സംഘടനയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. സമാന ആരോപണവുമായി വാര്‍ത്താ ഏജന്‍സിയായ എ എൻ ഐയും പരാതി നൽകിയിരുന്നു. രണ്ട് ഹർജികളും ഈ മാസം 28 ന് പരിഗണിക്കും എന്നാണ് അറിയുന്നത്.
കോപ്പിറൈറ്റുള്ള ഇവരുടെ കണ്ടന്റുകൾ ചാറ്റ് ബോട്ടിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ ഓപ്പണ്‍ എ.ഐ. ഉപയോഗിക്കുന്നു എന്നതാണ് ഹര്‍ജിയിലെ ആരോപണം. ഈ പ്രവണത ഓപ്പൺ എഐ പൂർണമായും നിർത്തണം എന്നതാണ് ഇവരുടെ ആവശ്യം. എഐ വഴി ജനലക്ഷങ്ങളിലേക്ക് ഇവരുടെ പുസ്തകങ്ങളുടെ ഉള്ളടക്കം ചെല്ലുന്നത് വാണിജ്യപരമായി നഷ്ടമാണെന്നും ഇവർ വാദിക്കുന്നു.
നേരിട്ടുള്ള പ്രതികരണമല്ലെങ്കിൽ പോലും സമാന ആരോപണങ്ങളെല്ലാം ഓപ്പൺ എഐ നിഷേധിച്ചിരുന്നു. പൊതുവായി ഏവർക്കും ലഭ്യമാവുന്ന വിവരങ്ങൾ തന്നെയാണ് എഐ വഴിയും ജനങ്ങളിലേക്ക് എത്തുന്നത്. ആയതിനാൽ തന്നെ ഇക്കാര്യത്തിൽ കോപ്പിറൈറ്റ് ലംഘനമില്ലെന്നുമാണ് ഓപ്പൺ എഐ പറയുന്നത്.