പ്രതിപക്ഷനേതാവ് രഹസ്യ സർവ്വേ നടത്തിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി നടത്തുന്ന ഏതൊരു കാര്യവും പാർട്ടിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ അതൃപ്തിയില്ലെന്നും പിണറായി ഭരണത്തിന് അറുതി വരുത്തുംവരെ വിശ്രമം ഇല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയസാധ്യതകൾ വിലയിരുത്തുന്നതിനായി ഒരു സർവ്വേ സംഘടിപ്പിച്ചിരുന്നു. 63 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു സര്‍വ്വേ ഫലം. പ്ലാൻ 63 എന്ന പേരിൽ അത് അവതരിപ്പിക്കയും ചെയ്തിരുന്നു. പക്ഷെ എ പി അനിൽകുമാർ ഇക്കാര്യത്തിൽ തർക്കിക്കുകയും ആരുടെ അനുമതിയോടെയും അറിവോടെയുമാണ് ഇങ്ങനെയൊരു സർവ്വേ നടത്തിയത് എന്ന് ചോദിച്ചുകൊണ്ട് ഇരുവരും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.