നെന്മാറ പോത്തുണ്ടിയിൽ ബോയൻ കോളനിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമര കൊടുംകുറ്റവാളിയെന്ന് നാട്ടുകാർ. ഇന്ന് രാവിലെ 10 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മീനാക്ഷി, മകൻ സുധാകരൻ എന്നിവരെയാണ് വെട്ടി കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം എന്ന് പറയുന്നു.
സുധാകരന്റെ ഭാര്യ സജിതയെ പ്രതി 2019 ൽ വെട്ടികൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോളാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയത്. പ്രതി ഇപ്പോൾ ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി ഇന്നും മാരകായുധങ്ങൾ ഉയർത്തി ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. ജയിലടച്ചതുകൊണ്ടു മാത്രം ഈ കൊലപാതകിക്ക് ശിക്ഷ കിട്ടില്ല എന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. ചെന്താമര ഒരു സൈക്കോ ആണെന്നും ഇയാളിൽ നിന്നും ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു എന്നും നാട്ടുകാർ പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടും വേണ്ടത്ര പ്രാധാന്യത്തോടെ പോലീസ് ഇടപെട്ടില്ല എന്നും ആരോപണം ഉയരുന്നുണ്ട്.