ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയെ 2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുത്തു. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളറാണ് ജസ്പ്രീത് ബുമ്ര.ഇന്ത്യക്കാരിൽ രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രവിചന്ദ്രന്‍ അശ്വിന്, വിരാട് കോലി എന്നിവയുടെ നിരയിലേക്കാണ് ഇപ്പോൾ ബുമ്രയും വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റില്‍ 71 വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ഏറ്റവും മികച്ച ടെസ്റ്റ് താരമായത്. ഒരു കലണ്ടര്‍ വര്‍ഷം 70ലേറെ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ ബൗളറുമാണ് ബുമ്ര. അശ്വിന്, അനില്‍ കുബ്ലെ, കപില്‍ ദേവ് എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കു അകത്തും പുറത്തും വിക്കറ്റ് വേട്ടയിലും എക്കണോമിയിലും മികച്ചു നിന്ന ബുംറ ഇന്ത്യയെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്കുള്ള മത്സരത്തിലും ഏറെ പ്രതീക്ഷ നൽകിയിരുന്നു. തോൽക്കുമെന്ന് ഉറപ്പുള്ള കളിയിൽപോലും ജയിക്കാനാകും എന്ന വിശ്വാസം ആരാധകർക്ക് നല്കാൻ ബുമ്രക്കായി. ഐസിസി പ്രഖ്യാപിച്ച ഐസിസി ലോക ടെസ്റ്റ് ടീമിലും ബുമ്ര ഇടം നേടിയിരുന്നു. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്റോടെ (907) ആണ് കഴിഞ്ഞ വര്‍ഷം ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.