രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിനു തൊട്ടടുത്ത്. കേരളം ഉയർത്തിയ 351 റൺ പിന്തുടരുന്ന ബീഹാർ പൊരുതുന്നു. 150 റൺസ് എടുത്ത സൽമാൻ നിസാറിന്റെയും 59 റൺസ് എടുത്ത ഷോൺ റോജറിന്റെയും മികവിൽ കേരളം 351 എന്ന ഭേദപ്പെട്ട സ്‌കോറിൽ എത്തിയിരുന്നു. വാലറ്റക്കാരൻ നിധീഷ് നേടിയ അതിവേഗ 30 റൺസും കേരളത്തിന് മുതൽക്കൂട്ടായി. 15 ഫോറും 2 സിക്‌സും ഉൾപെടുന്നതായിരുന്നു സൽമാന്റെ ഇന്നിംഗ്സ്. 9 ബൗണ്ടറികൾ ഷോൺ റോജർ നേടി. ബിഹാറിന് വേണ്ടി സച്ചിൻ കുമാർ, ഹർഷ് സിംഗ്, ഗുലാം റബ്ബാനി എന്നിവർ 2 വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിന് കാര്യമാ ചെറുത്തുനിൽപ് നടത്താനായില്ല. 351 എന്ന സ്കോർ പിന്തുടർന്ന അവർ 64 റൺസിന് എല്ലാവരും പുറത്തായി. ആകെ 3 പേർ മാത്രമാണ് രണ്ടക്കം കണ്ടത്. കേരളത്തിന്റെ ജലജ് സക്‌സേന 5 വിക്കറ്റുകൾ വീഴ്ത്തി ബിഹാറിനെ പിടിച്ചു കെട്ടുകയായിരുന്നു. ബിഹാറിനെ ഫോളോ ഓണിന് അയച്ച ശേഷം രണ്ടാം ഇന്നിങ്സിൽ നിലവിൽ 56 – 4 എന്ന നിലയിലാണ്. 16 റൺസെടുത്ത സാകിബുൽ ഗനിയും പൂജ്യം റണ്ണുമായി സച്ചിൻ കുമാറുമാണ് ക്രീസിൽ. നിലവിലെ അവസ്ഥയിൽ ബിഹാറിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാം എന്നാണ് കേരള ടീം കണക്കു കൂട്ടുന്നത്.