കണ്കഷൻ സബ്സ്റ്റിട്യൂട് വിവാദത്തിൽ പരസ്യ വിമർശനവുമായി ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ജെമി ഓവർട്ടൻ എറിഞ്ഞ പന്ത് തലയിൽ കൊണ്ട ശേഷം ശിവം ദുബെ ഫീൽഡിങ്ങിനു ഇറങ്ങിയിരുന്നില്ല. അപ്പോളാണ് കണ്കഷൻ സബ്സ്റ്റിട്യൂട്ടായി ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ടൂർണമെന്റ് സ്വന്തമാക്കിയിരുന്നു.
നിയമപ്രകാരം സബ്സ്റ്റിട്യൂട് ആയി ഫീൽഡിൽ വരുന്ന ആൾ പിൻവാങ്ങിയ ആൾക്ക് സമാനമായ ഒരാൾ തന്നെയാവണം. ശിവം ദുബെ എന്ന ബാറ്റിംഗ് ഓൾ റൗണ്ടർക്ക് പകരമായാണ് ഹർഷിത് റാണ എന്ന ബൗളറെ ഉൾപ്പെടുത്തിയത്. ഹർഷിത് തന്റെ അരങ്ങേറ്റ ടി 20 മത്സരത്തിൽ 3 വിക്കറ്റുകൾ നേടുകയും ചെയ്തു. ഹർഷിത്തിനെ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ കമന്ററിയിൽ മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സണും വിമർശിച്ചിരുന്നു. ഇത് നിയമലംഘനം ആണെന്നും ഈ തീരുമാനത്തോട് യോജിക്കില്ലെന്നും സബ്‌സ്റ്റിട്യൂട്ടിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ടീമിനെ തീരുമാനം അറിയിച്ചില്ലെന്നും ക്യാപ്റ്റൻ ജോസ് ബട്ട്ലർ പറഞ്ഞു. മാച്ച് റഫറിയായ ജവഗൽ ശ്രീനാഥ് ആണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. എന്തായാലും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വ്യക്തത തേടുമെന്നും ഇംഗ്ലീഷ് ക്യാപ്റ്റൻ പറഞ്ഞു.