കണ്ണൂർ: നടിയുടെ പീഡന പരാതിയിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും നടൻ മുകേഷിനെ കൈവിടാതെ സി.പി.എം. മുകേഷ് എം.എൽ.എ സ്ഥാനത്ത് തുടരുമെന്ന നിലപാടാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വീകരിച്ചത്. മുകേഷിനെതിരായ കേസിൽ കോടതി തീരുമാനം വരുന്നതുവരെ അദ്ദേഹം എം.എൽ.എ സ്ഥാനത്ത് തുടരുമെന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ആരെങ്കിലും പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല. കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോൾ ആലോചിക്കാം.. അതാണ് പാർട്ടിയുടെ നിലപാട്.’- അദ്ദേഹം പറഞ്ഞു.
സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനും വ്യക്തമാക്കി. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടനും എം.എൽ.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മുകേഷിനെതിരെ ഡിജിറ്റിൽ തെളിവുകളുണ്ടെന്നും നടിയുടെ ആരോപണം തെളിഞ്ഞുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. വാട്‌സ് ആപ്പ് ചാറ്റുകളും ഇ -മെയിലുകളും ആരോപണം ശരി വക്കുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.