മഞ്ചേരി: എളങ്കൂർ പേലേപ്പുറത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവ് പ്രബിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് പേലേപ്പുറം കാപ്പിൻത്തൊടി പ്രബിന്റെ ഭാര്യ വിഷ്ണുജ(26) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ ശാരീരിക, മാനസിക പീഡനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരിൽ വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു. ജോലിയില്ലെന്ന കാരണം പറഞ്ഞും പീഡിപ്പിക്കുമായിരുന്നു. അച്ഛനെയും അമ്മയേയും അറിയിക്കാതിരിക്കാൻ മകൾ എല്ലാം മറച്ചുവെച്ചു. മകളെ ചീത്തവിളിക്കുന്ന വോയിസ് ക്ലിപ്പുകൾ പക്കലുണ്ട്. ശാരീരികമായും മകളെ പീഡപ്പിച്ചിരുന്നുവെന്നും ശരീരത്തിലെ പാടുകളെ കുറിച്ച് കൂട്ടുകാരി പറഞ്ഞിരുന്നുവെന്നും വിഷ്ണുജയുടെ അച്ഛൻ പറഞ്ഞു.
സംഭവത്തിൽ പ്രബിന്റെ ബന്ധുക്കളെ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. കഴിഞ്ഞ 30ന് വൈകിട്ട് 5.30ന് ആണ് വിഷ്ണുജ മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്. ഭർത്യ വീട്ടിലെ ബെഡ് റൂമിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കയ്യിൽ നിന്ന് രക്തം വാർന്നൊലിച്ചിരുന്നു. 2023 മേയിലായിരുന്നു ഇരുവരുടെയും വിവാഹം. ഡിഗി പഠനത്തിന് ശേഷം എച്ച്.ഡി.സി കോഴ്‌സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ഇന്നലെ പൂക്കോട്ടുംപാടത്തെ സ്വന്തം വീട്ടിലേക്ക് വരാനിരിക്കുകയാരുന്നു. പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകളാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും വിഷ്ണുജയുടെ വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും മഞ്ചേരി എസ്.ഐ കെ.ആർ ജസ്റ്റിൻ പറഞ്ഞു.