അണ്ടർ 19 വനിത ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇരുടീമുകളിലും മാറ്റമില്ല. രണ്ടുവർഷം മുമ്പ് മാറോടു ചേർത്ത കന്നിക്കിരീടം ഇത്തവണയും കൈവിടാതെ കാക്കാൻ ലക്ഷ്യമിട്ടാണ് ക്വാലാലംപുർ മൈതാനത്ത് ഇന്ത്യൻ ടീം ഇറങ്ങുന്നത്.
ടൂർണമെന്റിൽ ഇതുവരെ കളിച്ച ആറ് അങ്കങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യൻ പെൺകൊടികളുടെ ഫൈനൽ പ്രവേശം. വിൻഡീസിനെയും ഇംഗ്ലണ്ടിനെയും ഒമ്പത് വിക്കറ്റിനും മലേഷ്യയെ 10 വിക്കറ്റിനും തകർത്തുവിട്ട ടീം ലങ്കക്കാരെ 60 റൺസിനും സ്കോട്ലൻഡിനെ 150 റൺസിനുമാണ് വീഴ്ത്തിയിരുന്നത്.അയൽക്കാരായ ബംഗ്ലാദേശിനെതിരെ എട്ടുവിക്കറ്റിനായിരുന്നു ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ മികവോടെ കളി നയിക്കുന്ന ടീമിൽ ഗൊംഗഡി തൃഷയാണ് ഒന്നാം നമ്പർ ബാറ്റർ. 265 റൺസാണ് താരത്തിന്റെ സമ്പാദ്യം. കമാലിനിയും മികച്ച ഫോമിലാണ്. ബൗളിങ്ങിൽ വൈഷ്ണവി ശർമ, ആയുഷി ശുക്ല എന്നിവരാണ് വലിയ വിക്കറ്റ് വേട്ടക്കാർ.
ഇന്ത്യൻ ടീം: നിക്കി (ക്യാപ്റ്റൻ), ത്രിഷ, കമാലിനി, ചാക്കെ, അവ്സാരെ, മിഥില, ശുക്ല, ശബ്ദം, വൈഷ്ണവി, ജോഷിത, സിസോദിയ.