ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസിനെ 1,000/- രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടികൂടി. പാതിരപ്പള്ളി, കാട്ടൂർ സ്വദേശിയായ പരാതിക്കാരന്റെ പാതിരപ്പള്ളി വില്ലേജ് പരിധിയിൽപ്പെട്ട 3 സെന്റ് വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിന് ഇക്കഴിഞ്ഞ 27-ാം തിയതി പാതിരാപ്പള്ളി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസ് സ്ഥലത്തെത്തി, വസ്തു അളന്നശേഷം ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിന് 200/-രൂപ ഫീസും 1,000/- രൂപ കൈക്കൂലിയും നൽകണമെന്ന് പറഞ്ഞു.
പരാതിക്കാരൻ കഴിഞ്ഞ വ്യാഴാഴ്ച അനീസിനെ ഫോണിൽ വിളിച്ചപ്പോൾ ലൊക്കേഷൻ സ്കെച്ച് തയ്യാറായിട്ടുണ്ടെന്നും 200/- രൂപ ഫീസും 1,000/- രൂപ കൈക്കൂലിയും നൽകിയാൽ ലൊക്കേഷൻ സ്കെച്ച് നൽകാമെന്ന് പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരവെ ഇന്ന് ഉച്ചക്ക് 01:30 മണിയോടുകൂടി പാതിരപ്പള്ളി സെന്റ് ആന്റണിസ് ചർച്ചിന് മുന്നിൽ വച്ച് പരാതിക്കാനിൽ നിന്നും 1,000/- രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.