നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ, സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, ആർമി, കോസ്റ്റ് ഗാർഡ് , മറ്റു സന്നദ്ധ സംഘടനകൾ ,കേരള സർക്കാരുമായി ചേർന്ന് നടപ്പിലാക്കുന്ന കാൻസർ അവബോധപരിപാടികൾക്കും കാൻസർ രോഗ നിർണയ മെഗാ ക്യാമ്പുകൾക്കും തുടക്കമാകുന്നു. കാൻസർ അവബോധം സൃഷ്ടിക്കുകയും ഒപ്പം നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയുമാണ് കാൻസർ സേഫ് കേരള എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രദേശങ്ങളിൽ വിവിധ സംഘടനകൾ കേരള സർക്കാരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പാറശ്ശാല മുതൽ തിരുവനന്തപുരം നഗരം വരെയുള്ള പ്രദേശങ്ങളിലാണ് നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും കാൻസർ രോഗനിർണയ ക്യാമ്പുകളും നടക്കുന്നത്.
പ്രമുഖ ഓങ്കോളജിസ്റ്റുമാരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ കൺസൾട്ടേഷൻ, അൾട്രാസൗണ്ട് പരിശോധന, ഐ ബ്രെസ്റ്റ് സ്ക്രീനിംഗ്, പുരുഷന്മാരിലെ പ്രോസ്സ്റ്റേറ്റ് കാൻസർ നിർണ്ണയ ടെസ്റ്റായ പ്രൊസ്റ്റേറ്റ് സ്പെസിമൻ ആന്റിജൻ ടെസ്റ്റ്, സ്ത്രീകളിലെ ഒവേറിയൻ കാൻസർ മാർക്കർ പരിശോധന (CA-125) തുടങ്ങി 6000 രൂപയുടെ പരിശോധനകളാണ് ക്യാമ്പിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.അതോടൊപ്പം തുടർ ചികിത്സകൾക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് കാൻസർ സേഫ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നത് .
പ്രസ്തുത പദ്ധതിയുടെ ആദ്യ മെഗാ ക്യാമ്പ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ ഫെബ്രുവരി പതിനഞ്ചാം തീയതി നടക്കുന്നു .2025 മാർച്ച് 31നകം പത്തോളം മെഗാ ക്യാമ്പുകളാണ് നെടുമങ്ങാട്,അമ്പൂരി,വിഴിഞ്ഞം, വട്ടിയൂർക്കാവ്, പൂവാർ, വെള്ളറട,കാട്ടാക്കട, പാറശ്ശാല, കോവളം,തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിപ്പിക്കുവാൻ ലക്ഷ്യമിടുന്നത്.
ബോധവൽക്കരണത്തിലൂടെയും രോഗനിർണയത്തിലൂടെയും പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടുകയും, ജീവിതശൈലിയിൽ മാറ്റം വരുത്തി അപകട സാധ്യത ഘടകങ്ങൾ മുൻകൂട്ടി കണ്ടെത്തി അവയെ ഒഴിവാക്കി കാൻസർ എന്ന മഹാവിപത്തിനെതിരായുള്ള പ്രവർത്തനം ശക്തമാക്കുക എന്നതാണ് നിംസ് മെഡിസിറ്റി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.