പ്രസവത്തെ തുടർന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ കാസറഗോഡ് പദ്മ ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. ചേറ്റുകുണ്ട് സ്വദേശിനിയായ ദീപയും കുഞ്ഞുമാണ് മരിച്ചത്. ഗർഭിണി ആയപ്പോൾ മുതൽ കാസറഗോഡ് പദ്മ ആശുപത്രിയിലാണ് യുവതി ചികിത്സയും മറ്റു പരിശോധകനകളും നടത്തി വന്നിരുന്നത്.
ചികിത്സക്കിടെ യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുവാനും ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നു. പ്രസവത്തിലെ അപകട സാധ്യതകളെ പറ്റി ഡോക്ടർ വ്യക്തത വരുത്തിയിരുന്നില്ലെന്നും കുഞ്ഞു മരിച്ചു എന്ന വിവരം മറച്ചു വെച്ചു എന്നുമാണ് കുടുമ്ബത്തിന്റെ ആരോപണങ്ങൾ. തുടർന്ന് ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി. യുവതിയുടെ മരണം മറ്റു ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നാണ് ആശുപത്രി അധികൃതരുടെ പക്ഷം. ഇരുവരുടെയും മരണത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിരുന്നു.