പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു. നടൻ സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു . അനു മൂത്തേടത്ത്, ആൻ്റണി പെരുമ്പാവൂർ, ശാന്തി ആൻ്റണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവും. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. “വളരെ പ്ലെസന്റ് ആയ ഒരു ചിത്രമായിരിക്കുമിതെന്ന് സംവിധായകൻ വ്യക്തമാക്കി. നർമ്മവും, ഇമോഷനുമൊക്കെ ഇഴചേർന്ന കഥാഗതിയിൽ ഒരു പൊടി മുറിപ്പാടിൻ്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സിൽ ചേർത്തു നിർത്താൻ ഏറെ സഹായകരമാകും. കാമ്പുള്ള ഒരു കഥയും, കെട്ടുറപ്പുള്ള തിരക്കഥയും ഈ ചിത്രത്തിന് ഏറെ പിൻബലമാകുന്നു.