രഞ്ജി ട്രോഫിയുടെ ക്വാർട്ടർഫൈനൽ മത്സരത്തിൽ ജമ്മു ആൻഡ് കാശ്മീരിനെതിരെ കേരളം മികച്ച നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ജമ്മു ആൻഡ് കാശ്മീർ രണ്ടാം ഇന്നിൻസിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ പരാസ് ദോഗ്ര 73 റണ്ണെടുത്തും കീപ്പർ കനയ്യ വധവാൻ 42 റണ്ണെടുത്തും പുറത്താകാതെ നിന്നു. കേരളത്തിനായി എം ഡി നിധീഷ് 2 വിക്കറ്റ് വീഴ്ത്തി. നിലവിൽ ജമ്മു ആൻഡ് കാശ്മീരിന് കേരളത്തിന് മേൽ 179 റൺസിന്റെ ലീഡാണുള്ളത്.
ഒന്നാം ഇന്നിൻസിൽ എം ഡി നിധീഷിന്റെ ബൗളിംഗ് മികവിൽ ജമ്മു ആൻഡ് കാശ്മീരിനെ 280 റൺസിന് പുറത്താക്കിയിരുന്നു. നിധീഷ് 6 വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം പതറിയെങ്കിലും 112 റണ്സെടുത്തു സൽമാൻ നിസാറും 67 റണ്സെടുത്തു ജലജ് സക്സേനയും കേരളത്തെ തിരികെ കൊണ്ടുവന്നു. ഒരു റൺ ലീഡ് നേടിയ ശേഷം കേരളവും ഓൾ ഔട്ട് ആയി.
രഞ്ജി ട്രോഫി നിയമങ്ങൾ പ്രകാരം മത്സരം ഏതെങ്കിലും നിലയിൽ മത്സരം സമനിലയായാൽ സെമിഫൈനലിലേക്ക് മാർച് ചെയ്യുക ആദ്യ ഇന്നിങ്സിൽ ലീഡെടുത്ത ടീമായിരിക്കും. എത്ര റൺ ലീഡ് എന്നുള്ളതിന് അവിടെ പ്രസക്തിയില്ല. മഴമൂലമോ മറ്റോ മത്സരം അപ്രതീക്ഷിതമായി സമനിലയായി മാറിയാലും ഈ നിയമം തന്നെ ആയിരിക്കും സ്വീകരിക്കപ്പെടുക. ആ നിലയിൽ കേരളത്തിനു സമനിലയിൽ കളി അവസാനിപ്പിച്ചാൽപോലും സെമി സാദ്ധ്യതകൾ സജീവമാണ്.