വയനാട് നൂൽപുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കാപ്പാട് ഉന്നതിയിൽ ചന്ദ്രികയുടെ ഭർത്താവായ മനുവാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നും കാപ്പാടെത്തിയ ഇവരെ ബസ് ഇറങ്ങി നടന്നു വരുന്ന വഴിയേ ആണ് ആന ആക്രമിച്ചത് എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് നിലവിൽ അറിയാൻ സാധിക്കുന്നത്. വീടിനടുത്തുള്ള വയലിൽ മനുവിന്റെ മൃതദേഹവും സമീപത്തായി കാട്ടാനയുടെ കാല്പാടുകളും കണ്ടെത്തി.
മനുവിന്റെ ഭാര്യയെ ചന്ദ്രികയെ കാണാനില്ലെന്നും മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഐ സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു. മൃതദേഹം സ്ഥലത്തു നിന്നും മാറ്റാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. കളക്ടർ വരാതെ പിരിഞ്ഞു പോകില്ലെന്നും മൃതദേഹം അവിടെ നിന്നും മാറ്റില്ലെന്നും അവർ പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ വേണ്ടതൊന്നും ഭരണകൂടങ്ങൾ ചെയ്യുന്നില്ലെന്നും അവർ വിമർശിച്ചു.