സുസുക്കിയുടെ ആധുനിക ഒരു വാഹനം പിന്നിൽ കാണുന്നു.പൊലീസ് എന്ന പേരെഴുതിയ പൊലീസ് വാഹനമാണിത്. അതിനോടു ചേർന്ന് ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ, ദിവ്യാപിള്ള എന്നിവർ സിവിൽ ഡ്രസ്സിൽ എന്തോ ലക്ഷ്യമിട്ട് നടന്നു വരുന്നു. ഇവർ ഒരു പൊലീസ് ടീം ആണെന്നു വ്യക്തം. അവരുടെ ഉദ്യമത്തിലെ ചില മുഹൂർത്തങ്ങളാണി തെന്ന് അനുമാനിക്കാം.
ജിതിൻ സുരേഷ്.ടി. സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.

ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ലുക്കും ഈ പോസ്റ്ററിലൂടെ കാട്ടിത്തരുന്നുണ്ട്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആയി ഒരുക്കുന്ന ഒരു ചിത്രമാണ് ധീരം. ഇൻവസ്റ്റിഗേഷൻ ചിത്രങ്ങളിൽ തികച്ചും വ്യത്യസ്ഥമായ ഒരു ട്രീറ്റ്മെൻ്റാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. കഥയിലും, അവതരണത്തിലുമെല്ലാം ഈ പുതുമ നിലനിർത്തുവാൻ സംവിധായകൻ ജിതിൻ സുരേഷ് ശ്രമിച്ചിട്ടുണ്ട്.
ഇന്ദ്രജിത്താണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിവ്യാപിള്ള , നിഷാന്ത് സാഗർ എന്നിവർക്കൊപ്പം അജു വർഗീസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രൺജി പണിക്കർ, സൂര്യ (പണി ഫെയിം) റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.